“ആരാധകരാണ് യഥാർത്ഥ ഹീറോസ്, അവരാണ് ടീമിനെ ശരിക്കും സഹായിച്ചത്”- മഞ്ഞക്കടലിന്റെ ആവേശത്തെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയത്തിൽ ആരാധകരോട് കൂടി നന്ദി പറഞ്ഞ് ടീമിന്റെ സഹപരിശീലകനായ ഫ്രാങ്ക് ഡോവൻ. ഇവാൻ വുകുമനോവിച്ചിന്റെ അഭാവത്തിൽ ഫ്രാങ്ക് ദോവൻ രണ്ടാമത്തെ ഐഎസ്എൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീമിനെ നയിച്ചപ്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ വിജയം സ്വന്തമാക്കിയത്. അഡ്രിയാൻ ലൂണ ടീമിന്റെ വിജയഗോൾ നേടുകയും ചെയ്‌തു.

മഴയുടെ ഭീഷണിയൊന്നും ഇല്ലാതിരുന്നതിനാൽ തന്നെ കൊച്ചിയിലെ ഗ്യാലറി നിറഞ്ഞു കവിഞ്ഞാണ് ഇന്നലത്തെ മത്സരത്തിനും ഉണ്ടായിരുന്നത്. ആദ്യത്തെ മത്സരത്തിൽ വിജയം നേടിയതിനാൽ ആരാധകരുടെ ആവേശം ഇന്നലെ ഇരട്ടിയായിരുന്നു. മത്സരത്തിലുടനീളം ചാന്റുകൾ മുഴക്കിയും സ്വന്തം താരങ്ങൾക്ക് പിന്തുണ നൽകിയുമെല്ലാം അവർ നിറഞ്ഞു നിന്നു. ആരാധകരുടെ ഈ സമീപനം ടീമിന്റെ കോൺഫിഡൻസ് വർധിക്കാനും മികച്ച പ്രകടനം നടത്താനും സഹായിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

“ആരാധക പിന്തുണ അവിശ്വസനീയമായ ഒന്നായിരുന്നു. ആദ്യത്തെ മത്സരത്തിലും അതുപോലെ തന്നെ ആരാധകർ പിന്തുണ നൽകിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകരും ടീമിലെ എല്ലാവരും ഈ പിന്തുണ വളരെയധികം ആസ്വദിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ മത്സരത്തിൽ മോശമായപ്പോൾ ആരാധകർ ഞങ്ങളെ വളരെയധികം സഹായിച്ചു. അതിനു ശേഷം ഗോൾ നേടിയപ്പോൾ അവർ ഉയർത്തിയ ആരവങ്ങൾ! അവർ അടിപൊളിയാണ്, അവിശ്വസനീയമാണ്.” ദോവൻ പറഞ്ഞു.

മത്സരത്തിൽ ഏതെങ്കിലും സമയത്ത് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് കോൺഫിഡൻസ് നഷ്‌ടമാകുന്ന സാഹചര്യം ഉണ്ടായാൽ അപ്പോൾ തന്നെ അവർക്ക് പിന്തുണ നൽകി ആരാധകർ ചാന്റുകൾ മുഴക്കിയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ജംഷഡ്‌പൂർ താരം ചുക്വുമായി നടന്ന ഒരു ഡുവൽസിൽ ഡാനിഷ് ഫാറൂഖ് പരാജയപ്പെട്ടപ്പോൾ അതിന്റെ അടുത്ത നിമിഷം മുതൽ ഡാനിഷ് ഫാറൂഖിന്റെ പേരാണ് ഗ്യാലറിയിൽ മുഴങ്ങിയത്. ഇത് താരത്തിന്റെ കോൺഫിഡൻസ് വർധിക്കാൻ സഹായിച്ചിരുന്നു.

ആദ്യത്തെ രണ്ടു മത്സരങ്ങളും സ്വന്തം മൈതാനത്തു വെച്ചായതിനാൽ അവിശ്വസനീയമായ ആരാധകപിന്തുണ കേരള ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം എവേ മൈതാനത്താണെന്നതിനു പുറമെ എതിരാളികൾ കരുത്തരുമാണ്. മുംബൈ സിറ്റിയാണ് അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എതിരാളികൾ. ആ മത്സരത്തിലെ ഫലമാകും കേരള ബ്ലാസ്റ്റേഴ്‌സിന് മേൽ ഈ സീസണിൽ പ്രതീക്ഷ വെക്കണോയെന്നു തീരുമാനിക്കുന്നതിൽ നിർണായകം.

Frank Dauwen Hails Kerala Blasters Fans Support