സച്ചിൻ ‘സ്പൈഡർ’ സുരേഷ്, വിമർശനങ്ങളിൽ തളരാതെ ബ്ലാസ്‌റ്റേഴ്‌സിനു കോട്ട കെട്ടിയ പ്രകടനവുമായി മലയാളി താരം | Kerala Blasters

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പർ ഗിൽ ക്ലബ് വിട്ടതോടെ പകരക്കാരനായി ഏതെങ്കിലും മികച്ച താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. 37 വയസുള്ള കരൺജിത് സിങിനെ ഒന്നാം നമ്പർ ഗോൾകീപ്പറാക്കാൻ കഴിയില്ലെന്നിരിക്കെ ലാറാ ശർമയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. അതോടെ താരവും ടീമിനൊപ്പമുണ്ടായിരുന്ന മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷും തമ്മിലാവും ഒന്നാം സ്ഥാനത്തിനായി പോരാടുകയെന്ന് ഏറെക്കുറെ ഉറപ്പായി.

അതിനു ശേഷം ഡ്യൂറന്റ് കപ്പ് ആരംഭിച്ചപ്പോൾ സച്ചിൻ സുരേഷിനാണ് ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം അവസരങ്ങൾ ലഭിച്ചത്. എന്നാൽ താരത്തിന്റെ തുടക്കം വളരെ മോശമായിരുന്നു. നിരന്തരമായ പിഴവുകൾ സച്ചിൻ സുരേഷ് വരുത്തിയപ്പോൾ ടീം ഗോളുകൾ വഴങ്ങുന്നതിലും മുന്നിലായിരുന്നു. അതോടെ ആരാധകർ കടുത്ത വിമർശനമാണ് താരത്തിനെതിരെ നടത്തിയത്. ഒരു തരത്തിലും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കാനുള്ള യോഗ്യത താരത്തിനില്ലെന്ന് ആരാധകരിൽ പലരും വിധിയെഴുതി.

എന്നാൽ വിമർശനങ്ങൾക്ക് തന്നെ തകർക്കാൻ കഴിയില്ലെന്ന് തെളിയിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കളിച്ച രണ്ടു കളികളിലും മികച്ച പ്രകടനം നടത്തുകയാണ് സച്ചിൻ സുരേഷ്. കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന്റെ മാത്രം വിജയിച്ച ഈ രണ്ടു മത്സരങ്ങളിലും ടീമിന്റെ വിജയം ഉറപ്പാക്കിയത് സച്ചിൻ സുരേഷിന്റെ സേവുകൾ കൂടിയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനം തനിക്ക് തന്നെ വേണമെന്നുറപ്പിച്ചാണ് താരം കളിക്കളത്തിൽ പൊരുതുന്നത്.

ഇന്നലത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം നൽകിയതിൽ ലൂനക്കൊപ്പം തന്നെ സച്ചിൻ സുരേഷിനും പങ്കുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടിയതിനു ശേഷം വന്ന ജംഷഡ്‌പൂർ ആക്രമണങ്ങളിൽ പകരക്കാരനായിറങ്ങിയ റെയ് ടാഷികാവയുടെ ഷോട്ട് താരം തട്ടിയകറ്റിയത് അവിശ്വസനീയമായ രീതിയിലായിരുന്നു. ഇതുപോലെയുള്ള നിർണായക നിമിഷങ്ങളിൽ ടീമിന്റെ വിധിയെ മാറ്റിമറിക്കാനുള്ള കഴിവുകൾ ഇങ്ങിനെ തന്നെയാണ് ഗോൾക്കീപ്പർമാർക്ക് തെളിയിക്കാൻ കഴിയുക.

മത്സരത്തിലുടനീളം താരം മികച്ച പ്രകടനം നടത്തിയിരുന്നു. മൊത്തം മൂന്നു സേവുകൾ നടത്തിയ താരം അവസാന നിമിഷങ്ങളിൽ മികച്ചൊരു പഞ്ചിങ് ക്ലിയറൻസും നടത്തിയിരുന്നു. അതിനു പുറമെ ഏഴു ലോങ്ങ് ബോളുകളും സച്ചിൻ മത്സരത്തിൽ പൂർത്തിയാക്കി. ഇതേ ഫോം തുടരുകയും പാസിംഗ് കൃത്യതയോടെ പൂർത്തിയാക്കുന്നതിൽ മെച്ചപ്പെടുകയും ചെയ്‌താൽ ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനം സച്ചിന്റെ കൈകളിൽ ഭദ്രമായിരിക്കും.

വിമർശനങ്ങൾ ഉണ്ടായെങ്കിലും അതിൽ തളർന്നു പോകാതെ മികച്ച പ്രകടനം നടത്തുന്ന സച്ചിൻ ആരാധകർക്കു പ്രതീക്ഷയാണ്. തന്റെ പിഴവുകൾ തിരുത്തി മുന്നേറാനുള്ള ദൃഢനിശ്ചയം താരത്തിനുള്ളത് തന്നെ പോസിറ്റിവാണ്. സ്വന്തം മൈതാനത്ത് കളിക്കുമ്പോഴുള്ള ആത്മവിശ്വാസത്തെക്കുറിച്ച് താരം ഇതിനു മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇനി എതിരാളികളുടെ മൈതാനത്തു കൂടി സമാനമായ പ്രകടനം നടത്താൻ കഴിഞ്ഞാൽ പിന്നെ ഇരുപത്തിരണ്ടുകാരന്റെ ഉദയമായിരിക്കും.

Sachin Suresh Showing His Class For Kerala Blasters