പിറകിലും കണ്ണുള്ള അഡ്രിയാൻ ലൂണ, ഗോളിനെക്കാൾ മനോഹരം ദിമിത്രിയോസിനു നൽകിയ പാസ് | Luna

വീണ്ടുമൊരു മത്സരത്തിൽ കൂടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി മാറിയിരിക്കുകയാണ് ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ. കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ ലൂണ ബെംഗളൂരുവിനെതിരായ ഉദ്ഘാടന മത്സരത്തിൽ ടീമിന്റെ വിജയത്തിന് കാരണമായ ഗോൾ നേടിയിരുന്നു. അതിനു പുറമെ ഇന്നലെ നടന്ന ജംഷഡ്‌പൂരിനെതിരായ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത് ലൂണയാണ്.

കടുത്ത പ്രതിരോധവും നിരന്തരമായ പ്രെസിങ്ങും കൊണ്ട് ജംഷഡ്‌പൂർ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ബുദ്ധിമുട്ടിച്ച മത്സരത്തിൽ എഴുപത്തിനാലാം മിനുട്ടിലാണ് ലൂണ ഡെഡ്‌ലോക്ക് പൊട്ടിച്ചത്. പുതിയതായി ടീമിലെത്തിയ ജാപ്പനീസ് താരമായ ഡൈസുകെ സകായി വിങ്ങിൽ നിന്നും മുന്നേറി വന്നു തനിക്കു നൽകിയ പാസ് ദിമിത്രിയോസിനു നൽകി താരത്തിൽ നിന്നും അത് മടക്കിയെടുത്താണ് ബോക്‌സിനുള്ളിൽ ലൂണ ഗോൾകീപ്പർ റഹ്നേഷിനെ കീഴടക്കിയത്.

താരം നേടിയ ഗോളിനെക്കാൾ അതിലേക്കുള്ള നീക്കവും അതിനു ലൂണ നൽകിയ പാസുമാണ് കൂടുതൽ ആവേശം നൽകുന്നത്. ഡൈസുകെയിൽ നിന്നും ലൂണ പന്ത് സ്വീകരിക്കുന്ന സമയത്ത് ജംഷഡ്‌പൂരിന്റെ രണ്ടു ഡിഫെൻഡർമാക്കിടയിൽ നിൽക്കുകയായിരുന്നു ദിമിത്രിയോസ്. ദിമിത്രിയോസിനെ ഒരൊറ്റ നോട്ടം നോക്കിയാണ് താരത്തിന്റെ പൊസിഷനിലേക്ക് ലൂണയുടെ ബാക്ക്ഹീൽ ഫ്ലിക്ക് പാസ് പിറന്നത്. അതിനു ശേഷം സ്‌പേസിലേക്ക് താരം ഓടുകയും ചെയ്‌തു. ലൂണയുടെ വിഷനും ഇന്റലിജൻസും ഇതിൽ നിന്നും വ്യക്തമാണ്.

കഴിഞ്ഞ സീസണിൽ ഒരുമിച്ചു കളിച്ച താരങ്ങളാണ് ലൂണയും ദിമിത്രിയോസും. അതിന്റെ ഒത്തിണക്കം അവർ ഒരുമിച്ചു കളിക്കാൻ തുടങ്ങിയപ്പോൾ പ്രകടമായിരുന്നു. രണ്ടാം പകുതിയിൽ ദിമിത്രിയോസ് ഇറങ്ങിയതിനു ശേഷം കൂടുതൽ മൂർച്ചയുള്ള മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഉണ്ടായിരുന്നു. മത്സരത്തിന് ശേഷം ലൂണയും പറഞ്ഞത് ദിമിത്രിയോസുമായി കൂടുതൽ ഒത്തിണക്കമുണ്ടെന്നാണ്. കഴിഞ്ഞ സീസണിൽ 14 ഗോളുകൾ ബ്ലാസ്റ്റേഴ്‌സിനായി നേടിയ താരങ്ങൾ ഇത്തവണയും പ്രതീക്ഷ നൽകുന്നു.

ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷം കൂടുതലും മധ്യനിരയിൽ കളിച്ചിരുന്ന ലൂണ ഈ സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും മുന്നേറ്റനിരയിലാണ് കളിച്ചത്. രണ്ടു മത്സരങ്ങളിലും താരം ഗോളുകൾ നേടുകയും ചെയ്‌തു. ഇനി തന്റെ പ്രിയപ്പെട്ട പങ്കാളിയായ ദിമിത്രിയോസ് സ്ഥിരമായി ആദ്യ ഇലവനിൽ എത്തുന്നതോടെ കൂടുതൽ ഗോളുകൾ നേടാൻ താരത്തിന് കഴിയുമെന്നുറപ്പാണ്. താരത്തെ ഇനി മധ്യനിരയിലേക്ക് ഇറക്കാനും സാധ്യത കുറവാണ്.

Adrian Luna Goal Against Jamshedpur FC ISL 2023 24