“മൂന്നു പാസുകൾ നൽകാൻ പോലും കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നില്ല”- ജംഷഡ്‌പൂരാണ് വിജയം അർഹിച്ചിരുന്നതെന്ന് കൂപ്പർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്‌പൂരിന്റെ കടുത്ത പ്രതിരോധത്തെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‍സി വിജയം നേടിയിരുന്നു. ആദ്യപകുതിയിൽ രണ്ടു ടീമുകളും വലിയ മുന്നേറ്റങ്ങളൊന്നും നടത്താതിരുന്ന മത്സരം രണ്ടാം പകുതിയിലാണ് ഒന്നു ചൂട് പിടിച്ചത്. രണ്ടു ടീമുകൾക്കും മികച്ച അവസരങ്ങൾ രണ്ടാം പകുതിയിൽ ഉണ്ടായിരുന്നു. ഒടുവിൽ എഴുപത്തിനാലാം മിനുട്ടിൽ നായകൻ അഡ്രിയാൻ ലൂണയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് വിജയം നേടുകയായിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് വിജയം അർഹിച്ചിരുന്നില്ലെന്നാണ് ജംഷഡ്‌പൂർ എഫ്‌സിയുടെ പരിശീലകനായ സ്‌കോട്ട് കൂപ്പർ പറയുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിലും മികച്ച പ്രകടനം നടത്തിയത് ജംഷഡ്‌പൂർ എഫ്‌സി ആണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്വന്തം മൈതാനത്ത് ഇത്രയും കാണികളുടെ മുന്നിൽ കളിച്ചിട്ടും ആധിപത്യം പുലർത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ലെന്നും മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കൂപ്പർ പറഞ്ഞു.

“ഞങ്ങളായിരുന്നു മികച്ച ടീം, അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുറച്ചു സമയം മികച്ച പ്രകടനം നടത്തി മുന്നിട്ടു നിന്നിരുന്നു. കളി അവരുടെ മൈതാനത്ത് സ്വന്തം കാണികൾക്ക് മുന്നിൽ ആയിരുന്നിട്ടു കൂടി ആദ്യപകുതിയിൽ യാതൊന്നും ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നില്ല. ആദ്യപകുതിയിൽ ഞങ്ങളുടെ പ്രെസിങ് ഗെയിമിനു മുന്നിൽ കളിക്കാൻ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമുട്ടുകയായിരുന്നു.” അദ്ദേഹം പറഞ്ഞു.

“ആദ്യപകുതിയിൽ അവർക്ക് മൂന്നു പാസുകൾ മുഴുവനാക്കാൻ കഴിഞ്ഞിരുന്നില്ല. എന്റെ ടീമിന്റെ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു. ഈ കളി എന്റെ ടീം സ്വന്തമാക്കേണ്ടതായിരുന്നു. കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാൻ ടീമിന് കഴിഞ്ഞില്ല. സ്വന്തം മൈതാനത്താണ് മത്സരമെന്നതിനാൽ കേരളം ശക്തമായി വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ ആദ്യ ഇരുപതു മിനുട്ടിൽ തന്നെ ടീമിനെയും അവരുടെ ആരാധകരെയും ഞങ്ങൾ കളിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇത് ഞങ്ങൾ വിജയം അർഹിച്ച കളിയായിരുന്നു.” കൂപ്പർ വ്യക്തമാക്കി.

ആദ്യപകുതിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞ് നിർത്തുന്ന കാര്യത്തിൽ ജംഷഡ്‌പൂർ വിജയം കണ്ടുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ അതുപോലെ തന്നെ ആദ്യപകുതിയിൽ ജംഷഡ്‌പൂരിനും യാതൊരു അവസരവും ബ്ലാസ്റ്റേഴ്‌സും നൽകിയില്ല. രണ്ടാം പകുതിയിലാണ് രണ്ടു ടീമുകളും ആക്രമണങ്ങൾ ശക്തമാക്കിയത്. രണ്ടു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ച മത്സരത്തിൽ അത് മുതലെടുക്കാൻ സാധിച്ച ബ്ലാസ്റ്റേഴ്‌സ് വിജയം നേടുകയും ചെയ്‌തു.

JFC Coach Says Kerala Blasters Done Nothing Against Them