അഡ്രിയാൻ ലൂണക്കിത് വെറുമൊരു മത്സരം മാത്രമല്ല, തന്റെ പ്രിയപ്പെട്ട ക്ലബിനായി ചരിത്രം കുറിക്കാനുള്ള അവസരമാണ് | Luna
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരമേതാണെന്ന് ചോദിച്ചാൽ ആരാധകർ നിസംശയം പറയുന്ന പേരായിരിക്കും അഡ്രിയാൻ ലൂണയുടേത്. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ ഓസ്ട്രേലിയയിൽ നിന്നും ടീമിലെത്തിയ താരം പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ പ്രധാനിയായി വളർന്നു. ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയ ആദ്യത്തെ സീസണിലും കഴിഞ്ഞ സീസണിലും ടീമിനായി മികച്ച പ്രകടനം നടത്തിയ താരം ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നായകൻ കൂടിയാണ്.
ഈ സീസണിലും ടീമിന്റെ പ്രധാനിയായ താരം ബ്ലാസ്റ്റേഴ്സിനായി ആദ്യത്തെ രണ്ടു മത്സരങ്ങളിലും ഗോൾ നേടുകയുണ്ടായി. ബെംഗളൂരു, ജംഷഡ്പൂർ എന്നിവർക്കെതിരെ ഗോൾ നേടിയ താരത്തിനു മുംബൈ സിറ്റിക്കെതിരെ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്റർനാഷണൽ ബ്രേക്കിനു ശേഷം നാളെ അടുത്ത മത്സരം കളിക്കാൻ തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിലെ നിരവധി താരങ്ങൾ പരിക്കും സസ്പെൻഷനും കാരണം പുറത്താണ്. അതുകൊണ്ടു തന്നെ ലൂണക്ക് നാളെ കൂടുതൽ ഉത്തരവാദിത്വമുണ്ട്.
Adrian Luna ©🇺🇾 #KBFC pic.twitter.com/2c2PnlkYHi
— KBFC XTRA (@kbfcxtra) October 11, 2023
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളിക്കാനിറങ്ങുമ്പോൾ ഒരു ചരിത്രനേട്ടം കൂടി അഡ്രിയാൻ ലൂണയെ കാത്തിരിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ലൂണ. ഒരു സീസൺ മാത്രം കളിച്ച് പതിനഞ്ചു ഗോളുകൾ നേടിയ ഓഗ്ബച്ചേ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അഡ്രിയാൻ ലൂണ പതിനാലു ഗോളുകളുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നു. അടുത്ത മത്സരത്തിൽ ഈ റെക്കോർഡിന് ഒപ്പമെത്താനും അതിനെ മറികടക്കാനും താരത്തിന് അവസരമുണ്ട്.
📹 | WATCH : A brilliant strike by Kerala Blasters FC's captain Adrian Luna #ISL | #IndianFootball pic.twitter.com/4jGQAbckHI
— 90ndstoppage (@90ndstoppage) October 1, 2023
കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ആദ്യത്തെ സീസണിൽ അഡ്രിയാൻ ലൂണക്കൊപ്പം ഉണ്ടായിരുന്ന വാസ്ക്വസ്, പെരേര ഡയസ് എന്നിവരെല്ലാം ക്ലബ് വിട്ടിരുന്നു. മറ്റു ക്ലബുകളുടെ ഓഫർ ഉണ്ടായിരുന്നെങ്കിലും ലൂണ ക്ലബ് വിടാൻ തയ്യാറായില്ല. കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ താൻ വളരെയധികം സന്തോഷവാനാണെന്ന് താരം ഈ സീസണിനു മുൻപ് വ്യക്തമാക്കിയിരുന്നു. തന്റെ ജന്മനാടായ യുറുഗ്വായിലേക്ക് തിരിച്ചു പോകാതെ കരിയർ ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്നാണ് ലൂണ പറയുന്നത്.
മൂന്നു സീസണുകളായി ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള അഡ്രിയാൻ ലൂണക്ക് ഇതുവരെ ഒരു കിരീടം പോലും ബ്ലാസ്റ്റേഴ്സിനൊപ്പം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഒരേയൊരു നിരാശ. എന്നാൽ ഈ സീസണിൽ നായകനായി അത് സ്വന്തമാക്കാനുള്ള അവസരമുണ്ട്. ലൂണയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ആരാധകർ പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. ബ്ലാസ്റ്റേഴ്സ് ഒരുപാട് തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുന്ന സീസണിൽ ലൂണയുടെ ഉത്തരവാദിത്വവും വലുതാണ്.
Adrian Luna Can Be KBFC Top Scorer Against NEUFC