വലിയൊരു ബുദ്ധിമുട്ട് നമുക്കു മറികടക്കാനുണ്ടെന്ന് മനസിലാക്കുക, മുന്നറിയിപ്പുമായി അഡ്രിയാൻ ലൂണ | Luna

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ മത്സരത്തിന് പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിജയത്തിനായി ഇറങ്ങുമ്പോൾ എതിരാളികൾ ജംഷഡ്‌പൂർ എഫ്‌സിയാണ്. ആദ്യത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയ ജംഷഡ്‌പൂർ എഫ്‌സി സീസണിലെ ആദ്യത്തെ വിജയം പ്രതീക്ഷിച്ചാണ് ഇന്നിറങ്ങുന്നത്.

സ്വന്തം മൈതാനത്തു വെച്ചാണ് മത്സരമെന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് മുൻ‌തൂക്കം നൽകുന്നുണ്ടെങ്കിലും മത്സരത്തിൽ ഗോൾ നേടാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ പറയുന്നത്. ജംഷഡ്‌പൂർ എഫ്‌സിയുടെ പ്രതിരോധത്തിലൂന്നിയുള്ള ശൈലിയെക്കുറിച്ചാണ് ലൂണ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ലൂണ മത്സരത്തിന്റെ കാഠിന്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

“ജയിക്കുക എന്നതാണ് ഓരോ മത്സരത്തിന് ഇറങ്ങുമ്പോഴും ആഗ്രഹിക്കുന്നത്. എല്ലാ മത്സരവും വിജയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ ജംഷഡ്‌പൂർ എഫ്‌സിക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കഠിനമാകും എന്നുറപ്പാണ്. കാരണം അവർക്കെതിരെ ഗോൾ നേടുക പ്രയാസമാണ്. പ്രതിരോധത്തിൽ അഞ്ചും മധ്യനിരയിൽ നാലും കളിക്കാരെ വെച്ചാണ് അവർ ഇറങ്ങുക. ഇത് ഗോൾ നേടുന്നത് കടുപ്പമാക്കും.” യുറുഗ്വായ് താരം പറഞ്ഞു.

“ജംഷഡ്‌പൂർ എഫ്‌സിയുടെ പ്രതിരോധം കടന്നു പോവുക വളരെയധികം വിഷമം പിടിച്ച കാര്യമാണ്. എന്നാൽ മത്സരം പൂർണമായും നിയന്ത്രിച്ചാൽ അവരുടെ ഡിഫെൻസിനെ മറികടന്നു മുന്നേറാനും ഗോൾ നേടാനും വിജയം സ്വന്തമാക്കാനും കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. മത്സരം എന്തായാലും എളുപ്പമാകുമെന്ന് തോന്നുന്നില്ല. എങ്കിലും വിജയത്തിന് വേണ്ടിയാണ് ഞങ്ങൾ കളിക്കളത്തിലിറങ്ങാൻ പോകുന്നത്.” ലൂണ വ്യക്തമാക്കി.

ദിമിത്രിയോസ് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റു പുറത്തിരുന്നതിനാൽ മധ്യനിര താരമായ ലൂണ കഴിഞ്ഞ മത്സരത്തിൽ ആക്രമണത്തിലാണ് കളിച്ചത്. തന്റെ പൊസിഷന്റെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റിയ താരം മത്സരത്തിൽ ഒരു ഗോൾ നേടുകയും ചെയ്‌തു. ഇന്നത്തെ മത്സരത്തിൽ ദിമിത്രിയോസ് ഉണ്ടാകുമെങ്കിലും ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ലൂണ തന്നെയാകും മുന്നേറ്റനിരയിൽ ഉണ്ടാവുക.

Luna Says Its Hard To Score Against Jamshedpur FC