മെസിയെ വെച്ചൊരു സാഹസത്തിനാണോ മുതിരുന്നത്, പരിക്കിന്റെ നിർണായക വിവരങ്ങൾ | Messi

ലയണൽ മെസി ആരാധകർക്കെല്ലാം നിരാശയുടെ സമയമാണിപ്പോൾ. ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ പരിക്കേറ്റു പുറത്തായതിന് ശേഷം പിന്നീടൊരു മത്സരത്തിൽ പോലും താരം ശരിക്ക് കളിക്കാൻ ഇറങ്ങിയിട്ടില്ല. ഇന്റർ മിയാമിക്കൊപ്പം ഒരു മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു എങ്കിലും അര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ താരം പിൻവലിക്കപ്പെട്ടു. അതിനു ശേഷം പിന്നീട് ഒരു മത്സരത്തിലും മെസി കളിക്കാനിറങ്ങിയിട്ടില്ല.

ലയണൽ മെസിക്ക് കാര്യമായ യാതൊരു പരിക്കുമില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ഉയരുന്ന സമയത്ത് പരിശീലകനും മറ്റും പ്രതികരിച്ചിട്ടുള്ളത്. ലയണൽ മെസിക്ക് ചില ശാരീരിക അസ്വസ്ഥതകൾ മാത്രമേയുള്ളൂവെന്നും ഉടനെ തന്നെ താരം തിരിച്ചു വരുമെന്നുമായിരുന്നു ബന്ധപ്പെട്ടവരുടെ പ്രതികരണം. എന്നാൽ ചെറിയ പരിക്ക് പറ്റിയ താരങ്ങൾ ഒരാഴ്‌ചയൊക്കെ കഴിഞ്ഞാൽ തിരിച്ചു വരുമെന്നിരിക്കെ പരിക്കില്ലാത്ത മെസിയുടെ തിരിച്ചുവരവ് വൈകുകയാണ്.

അതിനിടയിൽ ലയണൽ മെസിക്ക് ഹാംസ്ട്രിങ് ഇഞ്ചുറി സംഭവിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഈ സീസൺ മുഴുവൻ താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് ആ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. എന്നാൽ മെസിയുടെ ക്ലബായ ഇന്റർ മിയാമിയുടെ പരിശീലകനായ ടാറ്റ മാർട്ടിനോ ഈ റിപ്പോർട്ടുകൾ പൂർണമായും തള്ളിക്കളയുകയാണ് ചെയ്‌തിരിക്കുന്നത്‌. ലയണൽ മെസി വ്യക്തിഗത പരിശീലനം പുനരാരംഭിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

“മെസി ഒറ്റക്കുള്ള പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ട്രെയിനിങ് സെഷനുകളിൽ താരം ടീമിനോടൊപ്പവും പരിശീലനം നടത്താൻ ആരംഭിക്കും. ചൊവ്വാഴ്‌ചയാണ് ഞങ്ങൾ താരത്തിന്റെ സാഹചര്യം പരിശോധിക്കാൻ പോകുന്നത്, കാരണം അന്ന് ഞങ്ങൾ ചിക്കാഗോയിലേക്ക് യാത്ര തിരിക്കുന്ന ദിവസം കൂടിയാണ്. യാതൊരു വിധ സാഹസത്തിനു ഞങ്ങൾ ഒരിക്കലും മുതിരുന്നില്ല.” കഴിഞ്ഞ ദിവസം ടാറ്റ മാർട്ടിനോ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മെസി പരിക്കിൽ നിന്നും പൂർണമായും മോചിതനാകാതെ താരത്തെ കളിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്. ലയണൽ മെസി കളിക്കാത്ത മത്സരങ്ങൾ വാർത്താ പ്രാധാന്യവും ആരാധരുടെ എണ്ണവുമെല്ലാം വളരെ കുറവാണ്. അതുകൊണ്ടു തന്നെ നിർണായക മത്സരങ്ങളിൽ പരിക്കുണ്ടെങ്കിലും മെസിയെ കളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പലരും പറയുന്നു. അങ്ങിനെയാണെങ്കിൽ അത് താരത്തിന്റെ കരിയറിനെ തന്നെ ബാധിക്കും.

Tata Martino On Lionel Messi Injury