അഡ്രിയാൻ ലൂണയെ വെല്ലാൻ ആർക്കുമാവുന്നില്ല. ഐഎസ്എല്ലിലെ മറ്റൊരു അവാർഡ് കൂടി ബ്ലാസ്റ്റേഴ്‌സ് നായകൻ തൂക്കി | Luna

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പൂർവാധികം കരുത്തോടെയാണ് അഡ്രിയാൻ ലൂണ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിലും ടീമിനായി മികച്ച പ്രകടനം നടത്തിയ താരം ഈ സീസണിൽ നായകനായതോടെ കൂടുതൽ ഉത്തരവാദിത്വം കളിക്കളത്തിൽ പുലർത്തുന്നുണ്ട്. ടീമിനെ മുന്നിൽ നിന്നു നയിക്കുന്ന നായകനായ താരം ഇതുവരെ കളിച്ചതിൽ ഒരെണ്ണത്തിൽ ഒഴികെ ബാക്കി മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സിനായി ഗോളോ അസിസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്.

എന്തായാലും താരം നടത്തിയ പ്രകടനത്തിന് അർഹിക്കുന്ന അംഗീകാരം തന്നെ കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് ഒക്ടോബർ മാസത്തിലെ ഏറ്റവും മികച്ച താരമായി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടത് അഡ്രിയാൻ ലൂണയാണ്. ആരാധകരും വിദഗ്‌ദരും നടത്തുന്ന വോട്ടിങ്ങിന്റെ മാനദണ്ഡത്തിൽ നൽകുന്ന ഈ പുരസ്‌കാരം വളരെയധികം മൂല്യമുള്ളതാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നു താരങ്ങളെ പിന്നിലാക്കിയാണ് അഡ്രിയാൻ ലൂണ പുരസ്‌കാരം സ്വന്തമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സ്ഥാനത്തു മിന്നും പ്രകടനം നടത്തുന്ന സച്ചിൻ സുരേഷ്, എഫ്‌സി ഗോവയുടെ താരമായ ജയ് ഗുപ്‌ത, ജംഷഡ്‌പൂർ എഫ്‌സി ഗോൾകീപ്പറും മലയാളിയുമായ രഹനേഷ് ടിപി എന്നിവരെ പിന്നിലാക്കിയാണ് അഡ്രിയാൻ ലൂണ ഒന്നാം സ്ഥാനത്തു വന്നത്. താരം ടീമിനായി നടത്തിയ പ്രകടനം പരിഗണിക്കുമ്പോൾ അർഹിച്ച പുരസ്‌കാരം തന്നെയാണിത്. കഴിഞ്ഞ മത്സരത്തിലും ടീമിന്റെ വിജയഗോളിന് അസിസ്റ്റ് നൽകിയത് ലൂണയായിരുന്നു.

വോട്ടിംഗ് മാനദണ്ഡമനുസരിച്ച് ആരാധകരുടെ വോട്ടുകൾ മൊത്തം വോട്ട് ഷെയറിന്റെ 50% സംഭാവന ചെയ്യുന്നു, ബാക്കി 50% വിദഗ്‌ധരുടെ വോട്ടുകളിൽ നിന്നാണ്. നവംബർ 22ന് ഉച്ചകഴിഞ്ഞ് 3 മണിക്കും നവംബർ 24ന് 3 മണിക്കും ഇടയിൽ ലഭിച്ച ആരാധകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ലൂണ അവാർഡ് നേടിയത്. കഴിഞ്ഞ മാസം രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഉൾപ്പെടുന്ന ലൂണയുടെ പ്രകടനമാണ് അദ്ദേഹത്തിന് അർഹമായ അംഗീകാരം നേടിക്കൊടുത്തത്.

അഡ്രിയാൻ ലൂണയുടെ മികച്ച പ്രകടനം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മുന്നേറ്റനിരയിൽ മാത്രമല്ല, മറിച്ച് പ്രതിരോധത്തിലും വലിയ പങ്കാണ് താരം വഹിക്കുന്നത്. അഡ്രിയാൻ ലൂണ നടത്തുന്ന ഓൾറൗണ്ട് പ്രകടനത്തെ നേരത്തെ തന്നെ പലരും ഒരുപാട് പ്രശംസിച്ചിട്ടുള്ളതാണ്. ബ്ലാസ്‌റ്റേഴ്‌സിനെ ഒരുപാട് സ്നേഹിക്കുന്ന താരം ഈ സീസണിൽ ടീമിനെ മുന്നിൽ നിന്നു നയിച്ച് കിരീടം സ്വന്തമാക്കി നൽകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Adrian Luna Won Ocotber ISL Player Of The Month