അഞ്ഞൂറ് മില്യൺ യൂറോയുടെ പ്രതിരോധം, ട്രെബിൾ നിലനിർത്താനുറപ്പിച്ച് ഗ്വാർഡിയോള | Man City

ബാഴ്‌സലോണ വിട്ടതിനു ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ കഴിയാതിരുന്ന പെപ് ഗ്വാർഡിയോള തന്റെ സ്വപ്‌നം സഫലമാക്കിയത് കഴിഞ്ഞ സീസണിലാണ്. യൂറോപ്പിലെ ഏറ്റവും മികച്ച ടീമെന്ന നിലയിൽ പേരെടുത്തിട്ടും ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുള്ള യാത്രയിൽ പല തവണ ഇടറിവീണ മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടമാണ് സ്വന്തമാക്കിയത്. യൂറോപ്പിൽ സ്ഥിരതയോടെ കളിക്കുന്ന ടീമെന്ന നിലയിൽ മാഞ്ചസ്റ്റർ സിറ്റി അർഹിക്കുന്ന നേട്ടം തന്നെയായിരുന്നു അത്.

സീസൺ അവസാനിച്ചതോടെ ഏതാനും താരങ്ങൾ മാഞ്ചസ്റ്റർ സിറ്റി വിട്ടിരുന്നു. മുന്നേറ്റനിരയിൽ നിന്നും റിയാദ് മഹ്റാസും മധ്യനിരയിൽ നിന്നും ഗുൻഡോഗനുമാണ് സിറ്റി വിട്ട പ്രധാന താരങ്ങൾ. പകരക്കാരായി ചെൽസിയിൽ നിന്നും കോവാസിച്ചിനെ ടീമിലെത്തിച്ച മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ ദിവസം റെക്കോർഡ് തുക നൽകി ലീപ്‌സിഗ് താരം ജോസ്കോ ഗ്വാർഡിയോളിനെയും സ്വന്തമാക്കി. 90 മില്യൺ യൂറോയാണ് താരത്തിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കിയത്.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന ജോസ്കോ എത്തിയതോടെ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധം യൂറോപ്പിലെ തന്നെ ഏറ്റവും മികച്ചതായി മാറിയിട്ടുണ്ട്. ഗ്വാർഡിയോളിനു പുറമെ പോർച്ചുഗൽ താരങ്ങളായ റൂബൻ ഡയസ്, ജോവോ കാൻസലോ, സ്വിസ് താരം മാനുവൽ അകാഞ്ചി, ഹോളണ്ട് താരം നഥാൻ ആക്കെ, ഇംഗ്ലീഷ് താരങ്ങളായ ജോൺ സ്റ്റോൺസ്, കെയ്ൽ വാക്കർ, റിക്കോ ലൂയിസ്, സ്പെയിൻ താരങ്ങളായ ലപോർട്ട, സെർജിയോ ഗോമസ് എന്നിവർ ടീമിലുണ്ട്.

ഈ താരങ്ങളെയെല്ലാം ചേർത്താൽ അഞ്ഞൂറ് മില്യൺ യൂറോയിലധികം മൂല്യമുള്ള പ്രതിരോധമാണ് മാഞ്ചസ്റ്റർ സിറ്റിയുടേത്. ഇതിൽ ജോൺ സ്റ്റോൺസ് ഡിഫെൻസിലും മിഡ്‌ഫീൽഡിലും കളിക്കാൻ കഴിയുന്ന താരമാണ്. അടുത്ത സീസണിൽ താരം മധ്യനിരയിൽ ഇറങ്ങാനാണ് സാധ്യത. അതിനു പുറമെ അകാഞ്ചി, ആക്കെ, വാക്കർ എന്നിവർക്ക് സെൻട്രൽ ഡിഫെൻസിലും വിങ് ബാക്കായും കളിക്കാൻ കഴിയും.

ജോസ്കോ ഗ്വാർഡിയോൾ കൂടി എത്തിയതോടെ മാഞ്ചസ്റ്റർ സിറ്റി വളരെ ശക്തമായ ഒരു ടീമായി മാറിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. മുന്നേറ്റനിരയിൽ ഹാളണ്ടിനെപ്പോലൊരു താരവും മധ്യനിരയിൽ കെവിൻ ഡി ബ്രൂയ്‌നും ചേർന്ന് എതിരാളികളെ ആക്രമണം കൊണ്ട് വലക്കുമ്പോൾ തിരിച്ചു വരുന്ന മുന്നേറ്റങ്ങളെ തടയാൻ മികച്ച പ്രതിരോധമാണ് മാഞ്ചസ്റ്റർ സിറ്റി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ നേടിയ ട്രെബിൾ നേട്ടം മാഞ്ചസ്റ്റർ സിറ്റി ആവർത്തിച്ചാലും അത്ഭുതമില്ല.

Man City Defence Is Stronger After Gvardiol Signing