കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായേക്കാം, പ്രതീക്ഷയോടെ ആരാധകർ | Kerala Blasters

കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ കൂടുതൽ മികച്ച ടീമിനെ അണിനിരത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതല്ല സംഭവിച്ചത്. ടീമിലെ പ്രധാന താരങ്ങളിൽ പലരും മറ്റു ക്ലബുകളിലേക്ക് ചേക്കേറിയപ്പോൾ അതിനു പകരക്കാരെ വേണ്ട രീതിയിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും ചില പൊസിഷനിലേക്കുള്ള താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് തേടിക്കൊണ്ടിരിക്കുകയാണ്.

പ്രീതം കൊട്ടാൽ, ജോഷുവ സോട്ടിരിയോ, നവോച്ച സിങ്, ലാറ ശർമ്മ തുടങ്ങി നിരവധി താരങ്ങളെ ടീമിലെത്തിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇനി ലക്‌ഷ്യം വെക്കുന്ന താരങ്ങളിൽ ഒരു ഇന്ത്യൻ ലെഫ്റ്റ് ബാക്കും ഉൾപ്പെടുന്നുണ്ട്. നിരവധി താരങ്ങളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നവോച്ച സിങ്ങിനു പുറമെ മറ്റൊരു താരത്തെയും ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന ഐബാൻ ഡോഹ്‌ലിങ്ങിന്റെ ട്രാൻസ്‌ഫറിൽ നിന്നും ക്ലബ് ഇതുവരെ പുറകോട്ടു പോയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുപത്തിയേഴുകാരനായ താരത്തിനായിൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും ചർച്ചകൾ നടത്തുന്നുണ്ടെന്നും ചിലപ്പോൾ അപ്രതീക്ഷിതമായി സൈനിങ്‌ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഷില്ലോങ് ലജോങ്ങിലൂടെ പ്രൊഫെഷണൽ കരിയർ ആരംഭിച്ച ഐബാൻ ഡോഹ്‌ലിങ് നിലവിൽ എഫ്‌സി ഗോവയുടെ താരമാണ്. 2019 മുതൽ ഗോവയിലുള്ള താരം ഇരുപത്തിയഞ്ചു മത്സരങ്ങളിൽ ക്ലബിനായി ഇറങ്ങിയിട്ടുണ്ട്. 2021ൽ ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയ ഗോവ ടീമിനൊപ്പം ഉണ്ടായിരുന്ന താരം ബ്ലാസ്റ്റേഴ്‌സിൽ എത്തിയാൽ അടുത്ത സീസണിലേക്ക് ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടുന്ന ഒരു പ്രശ്‌നത്തിന് പരിഹാരമാകും.

Kerala Blasters Still Talks With Aiban Dohling