അർജന്റീനയുടെ അടുത്ത ലോകകപ്പ് മോഹത്തിനു തടസം നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഗർനാച്ചോയെ വിട്ടു കൊടുക്കില്ല | Alejandro Garnacho
നേരിട്ട് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിലും അർജന്റീന വരാനിരിക്കുന്ന അണ്ടർ 20 ലോകകപ്പിന് യോഗ്യത നേടിയിരുന്നു. ഇസ്രയേലിനെതിരെ രാജ്യത്ത് നടന്ന പ്രതിഷേധങ്ങൾ കാരണം ഇന്തോനേഷ്യയെ അണ്ടർ 20 ലോകകപ്പ് ആതിഥേയത്വത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു ശേഷം അർജന്റീനയിൽ വെച്ചാണ് ടൂർണമെന്റ് നടക്കുകയെന്ന് ഫിഫ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ആതിഥേയ രാജ്യമെന്ന നിലയിലാണ് അർജന്റീന ടൂർണമെന്റിന് യോഗ്യത നേടിയത്.
സ്വന്തം രാജ്യത്ത് നടക്കുന്ന ടൂർണമെന്റിൽ കിരീടം നേടണമെന്നു തന്നെയാണ് അർജന്റീന ആഗ്രഹിക്കുന്നത്. സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പ് അടുത്തിടെ നടന്നപ്പോൾ അർജന്റീന ആദ്യം തന്നെ പുറത്തായിരുന്നു. ക്ലബ് സീസണിന്റെ ഇടയിൽ നടന്നത് കാരണം പ്രധാന താരങ്ങൾ ഇല്ലാതിരുന്നതാണ് അർജന്റീന ടീമിന് തിരിച്ചടി നൽകിയത്. എന്നാൽ ലോകകപ്പിൽ പ്രധാനപ്പെട്ട എല്ലാ യുവതാരങ്ങളെയും ഉൾപ്പെടുത്തിയാണ് അർജന്റീന ഇറങ്ങുന്നത്.
(🌕) JUST IN: Manchester United do not want to let Alejandro Garnacho go to the U20 World Cup and they have already communicated to Argentina. AFA and Mascherano are going to do everything possible to have him there but it is complicated. @gastonedul 🚨🇦🇷 pic.twitter.com/MRzCSeURrl
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 19, 2023
കഴിഞ്ഞ ദിവസം പ്രാഥമിക ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഉയർന്നു വരുന്ന പ്രതിഭയായ ഗർനാച്ചോ അടക്കമുള്ളവർ അതിലുൾപ്പെട്ടിരുന്നു. അർജന്റീന ടീമിലെ ഭാവി താരമായി കണക്കാക്കപ്പെടുന്ന ഗർനാച്ചോയിൽ ആരാധകർക്ക് പ്രതീക്ഷകൾ വളരെയേറെയാണ്. സ്വന്തം രാജ്യത്ത് കിരീടം നേടാൻ താരത്തിന്റെ സാന്നിധ്യം കൊണ്ട് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു തടസം നിൽക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.
അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം അണ്ടർ 20 ലോകകപ്പിൽ ഗർനാച്ചോയെ കളിപ്പിക്കാൻ താരത്തിന്റെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമ്മതമില്ല. നിലവിൽ പരിക്കിൽ നിന്നും മുക്തനായി വരുന്ന താരം ടൂർണമെന്റ് ആകുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കുമെങ്കിലും അടുത്ത സീസണിലേക്കുള്ള മുൻകരുതൽ എന്ന നിലയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗർനാച്ചോയെ വിട്ടുകൊടുക്കാതിരിക്കുന്നത്.
അർജന്റീന അണ്ടർ 20 ടീമിന് വേണ്ടി മുൻപ് കളിച്ചിട്ടുള്ള താരമാണ് ഗർനാച്ചോ. അവസാനം നടന്ന സൗഹൃദ മത്സരങ്ങൾക്കുള്ള സീനിയർ ടീമിൽ താരം ഉൾപ്പെട്ടിരുന്നെങ്കിലും അതിനു മുൻപേ പരിക്ക് പറ്റിയതിനാൽ സീനിയർ ടീമിനായി കളിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. സ്പെയിൻ ദേശീയ ടീമിനു വേണ്ടിയും കളിക്കാൻ കഴിയുന്ന താരം അത് നിരസിച്ചാണ് അർജന്റീനക്കായി ബൂട്ടണിയാൻ വേണ്ടി തീരുമാനിച്ചത്.
Content Highlights: Man Utd Block Alejandro Garnacho Playing U20 World Cup For Argentina