ഈ സീസണിൽ നേടിയ ആദ്യ കിരീടത്തിന്റെ മെഡൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോക്ക് സമ്മാനിക്കുമോ

2017 മുതലുള്ള കിരീടവരൾച്ചക്ക് വിരാമമിട്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ദിവസം നടന്ന കറബാവോ കപ്പ് ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബ്രസീലിയൻ താരം കസമീറോയും തകർപ്പൻ ഫോമിൽ കളിക്കുന്ന മാർക്കസ് റാഷ്‌ഫോഡുമാണ് ഗോളുകൾ നേടിയത്. എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷം ടീമിലുണ്ടായ മാറ്റം മികച്ചതാണെന്ന് വ്യക്തമാക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം.

സീസണിന്റെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരുന്നെങ്കിലും അവസരങ്ങൾ കുറവായിരുന്നു. അവസരങ്ങൾ ലഭിച്ചപ്പോൾ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞതുമില്ലായിരുന്നു. കൂടുതലും പകരക്കാരുടെ ബെഞ്ചിലേക്ക് മാറ്റപ്പെട്ട താരം അതിൽ അസ്വസ്ഥനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വത്തിനും പരിശീലകൻ എറിക് ടെൻ ഹാഗിനുമെതിരെ രൂക്ഷവിമർശനം നടത്തിയതിനു പിന്നാലെ ക്ലബ് റൊണാൾഡോയുടെ കരാർ റദ്ദ് ചെയ്‌തിരുന്നു.

എന്നാൽ ക്ലബ് വിട്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ സ്വന്തമാക്കിയ ആദ്യ കിരീടത്തിന്റെ മെഡൽ റൊണാൾഡോക്ക് ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കറബാവോ കപ്പിലെ നിയമപ്രകാരം മുപ്പതു താരങ്ങൾക്ക് മെഡൽ സമ്മാനിക്കാം. ടൂർണമെന്റിലിതു വരെ 27 താരങ്ങളെ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉപയോഗിച്ചിട്ടുള്ളൂ എന്നതിനാൽ മൂന്നു താരങ്ങൾക്ക് കൂടി മെഡൽ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവകാശമുണ്ട്. അവരത് റൊണാൾഡോക്ക് നൽകുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

ക്ലബിനെതിരെ രൂക്ഷമായ വിമർശനം നടത്തിയാണ് റൊണാൾഡോ പോയത് എന്നതിനാൽ മെഡൽ നൽകാനുള്ള സാധ്യത കുറവാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരങ്ങളിൽ എന്നും റൊണാൾഡോ ഉണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചാമ്പ്യൻസ് ലീഗടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബാലൺ ഡി ഓർ നേടിയ അവസാനത്തെ താരവുമാണ്. എന്നാൽ മെഡൽ നൽകാൻ തീരുമാനിച്ചാലും റൊണാൾഡോ അത് സ്വീകരിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.