ലോകത്തിന്റെ നെറുകയിൽ വീണ്ടും മെസി, അവാർഡുകൾ തൂത്തു വാരി അർജന്റീന താരങ്ങൾ

2023ലെ ഫിഫ ദി ബെസ്റ്റ് അവാർഡ്‌സ് പ്രഖ്യാപിച്ചപ്പോൾ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം അർജന്റീന നായകനായ ലയണൽ മെസി സ്വന്തമാക്കി. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതടക്കമുള്ള പ്രകടനമാണ് മെസിയെ അവാർഡിന് അർഹനാക്കിയത്. ലോകകപ്പ് ഫൈനൽ കളിച്ച ഫ്രാൻസ് ടീമിലെ താരമായ കിലിയൻ എംബാപ്പെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ കരിം ബെൻസിമ മൂന്നാമതാണ്.

അവാർഡുകളിൽ ലോകകപ്പ് നേടിയ അർജന്റീന താരങ്ങളുടെ ആധിപത്യമാണ് കണ്ടത്. ലയണൽ മെസി മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയപ്പോൾ മികച്ച പരിശീലകനുള്ള അവാർഡ് ലയണൽ സ്‌കലോണിയാണ് സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്‌കലോണി മികച്ച പരിശീലകനായത്. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗ്വാർഡിയോളയാണ് മൂന്നാം സ്ഥാനത്ത്.

2021ൽ മാത്രം അർജന്റീന ടീമിലെത്തി മൂന്നു കിരീടങ്ങൾ സ്വന്തമാക്കാൻ നിർണായക പങ്കു വഹിച്ച എമിലിയാനോ മാർട്ടിനസാണ്‌ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. റയൽ മാഡ്രിഡ് ഗോൾകീപ്പറായ തിബോ ക്വാർട്ടുവയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി എമിലിയാനോ മാർട്ടിനസ് ഒന്നാം സ്ഥാനം നേടിയപ്പോൾ മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണു മൂന്നാം സ്ഥാനം സ്വന്തമാക്കി. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണ താരം അലെക്‌സിയ പുട്ടയാസ് സ്വന്തമാക്കി.

ഫിഫയുടെ മികച്ച ഇലവനിൽ എമിലിയാനോ മാർട്ടിനസ് ഉൾപ്പെട്ടിട്ടില്ല. ക്വാർട്ടുവ ഗോൾകീപ്പറായ ഇലവനിൽ ജോവോ കാൻസലോ, അഷ്‌റഫ് ഹക്കിമി, വിർജിൽ വാൻ ഡൈക്ക് എന്നിവർ പ്രതിരോധത്തിലും കസമീറോ, കെവിൻ ഡി ബ്രൂയ്ൻ, ലൂക്ക മോഡ്രിച്ച് എന്നിവർ മധ്യനിരയിലും ലയണൽ മെസി, കരിം ബെൻസിമ, കിലിയൻ എംബാപ്പെ, എർലിങ് ബ്രൂട്ട് ഹാലാൻഡ് എന്നിവർ മുന്നേറ്റനിരയിലും ഇടം നേടിയിട്ടുണ്ട്.