ഫിഫ ബെസ്റ്റ് അവാർഡിനായി വോട്ടു ചെയ്യാതെ റൊണാൾഡോ, പോർച്ചുഗൽ പരിശീലകന്റെ വോട്ട് മെസിക്ക്

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതിനു പിന്നാലെ നടന്ന ഫിഫ ദി ബെസ്റ്റ് അവാർഡ്‌സിൽ ലയണൽ മെസിയാണ് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. രണ്ടാം തവണ പുരസ്‌കാരം നേടിയ ലയണൽ മെസിക്ക് പുറമെ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി മികച്ച പരിശീലകനുള്ള അവാർഡും ദേശീയടീമിന്റെ ഗോളിയായ എമിലിയാനൊ മാർട്ടിനസ് മികച്ച ഗോൾകീപ്പർക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു.

ദേശീയടീമുകളുടെ നായകൻമാരും പരിശീലകരും ഫിഫ ദി ബെസ്റ്റ് അവാർഡ്‌സിൽ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്താറുണ്ട്. എന്നാൽ പോർച്ചുഗൽ ദേശീയ ടീമിന്റെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വോട്ട് ഫിഫ ദി ബെസ്റ്റ് അവാർഡിൽ വന്നിട്ടില്ല. താരത്തിന് വോട്ടു ചെയ്യാൻ കഴിയുമായിരുന്നിട്ടും അതിൽ നിന്നും മാറി നിൽക്കുകയായിരുന്നു. റൊണാൾഡോക്ക് പകരം പോർച്ചുഗൽ പ്രതിരോധതാരം പെപ്പെയാണ് ദേശീയടീമിനായി വോട്ടുകൾ ചെയ്‌തത്‌.

പെപ്പെയുടെ മൂന്നു വോട്ടുകളിൽ ഒരെണ്ണം പോലും ലയണൽ മെസിക്ക് ലഭിച്ചിട്ടില്ല. എംബാപ്പെക്ക് ആദ്യത്തെ വോട്ട് നൽകിയ താരം രണ്ടും മൂന്നും വോട്ടുകൾ റയൽ മാഡ്രിഡിലെ മുൻ സഹതാരങ്ങളായിരുന്ന ലൂക്ക മോഡ്രിച്ച്, കരിം ബെൻസിമ എന്നിവർക്കാണ് നൽകിയത്. അതേസമയം നിലവിലെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് തന്റെ ആദ്യത്തെ വോട്ട് തന്നെ മെസിക്ക് നൽകി. കെവിൻ ഡി ബ്രൂയ്ൻ, എംബാപ്പെ എന്നിവർക്കാണ് അദ്ദേഹം മറ്റു വോട്ടുകൾ നൽകിയത്.

ലയണൽ മെസി പുരസ്‌കാരം നേടാനുള്ള സാധ്യതയുള്ളതിനാലാണോ റൊണാൾഡോ ഫിഫ ദി ബെസ്റ്റ് അവാർഡിൽ തന്റെ വോട്ട് മറ്റൊരാൾക്ക് കൈമാറിയതെന്ന് വ്യക്തമല്ല. തന്റെ വോട്ടുകൾ വാർത്തയാകും എന്നുറപ്പുള്ളതിനാൽ റൊണാൾഡോ അതിൽ നിന്നും മാറി നിന്നതാകാനും സാധ്യതയുണ്ട്. അതേസമയം റൊണാൾഡോക്ക് പകരം വന്ന പെപ്പെയും ലോകകപ്പ് നേടിയ മെസിക്ക് തന്റെ വോട്ടുകളിൽ ഒരെണ്ണം പോലും നൽകിയില്ലെന്നത് കൗതുകകരമായ കാര്യമാണ്.