റിച്ചാർലിസണിനെയും എംബാപ്പയെയും നിഷ്പ്രഭമാക്കിയ അവിശ്വസനീയ ഗോൾ, പുഷ്‌കാസ് അവാർഡിന് കയ്യടിച്ച് ഫുട്ബോൾ ലോകം

ഖത്തർ ലോകകപ്പിൽ റിച്ചാർലിസൺ നേടിയ ഗോൾ ഫുട്ബോൾ ആരാധകർക്ക് മറക്കാൻ കഴിയാത്തതാണ്. ഇത്തവണ പുഷ്‌കാസ് അവാർഡ്‌സിനുള്ള പട്ടികയിൽ റിച്ചാർലിസണിന്റെ ഗോളും വന്നപ്പോൾ താരത്തിനാകും പുരസ്‌കാരമെന്ന് ഏവരും പ്രതീക്ഷിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് മുൻപ് അവാർഡ് പ്രഖ്യാപനം നടത്തിയപ്പോൾ ബ്രസീലിയൻ താരത്തെ മറികടന്ന് ഭിന്നശേഷിക്കാരനായ ഒരു താരമാണ് അവാർഡ് സ്വന്തമാക്കിയത്.

പോളണ്ട് താരമായ മാർസിൻ ഓലെസ്‌കിയാണ് ഇത്തവണ പുഷ്‌കാസ് അവാർഡ് സ്വന്തമാക്കിയത്. പുരുഷ, വനിതാ ഫുട്ബോളിൽ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡിൽ ബ്രസീലിയൻ താരം റിച്ചാർലിസണിനെ കൂടാതെ ഫ്രഞ്ച് താരമായ ദിമിത്രി പയറ്റ്, എംബാപ്പെ എന്നിവരുടെ ഗോളിനെയും മറികടന്നാണ് പോളിഷ് താരം പുരസ്‌കാരം നേടിയത്. ലോകമെമ്പാടുമുള്ള ഭിന്നശേഷിക്കാർക്ക് കൂടുതൽ പ്രചോദനം നൽകുന്നതാണ് ഈ പുരസ്‌കാരമെന്നതിൽ തർക്കമില്ല.

വാർട്ട പോസ്നാൻ എന്ന ക്ലബിനു വേണ്ടി നവംബറിൽ നേടിയ ഗോളാണ് ഇത്തവണ ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിൽ സഹതാരമായ ഡേവിഡ് നൊവാക്ക് നൽകിയ ക്രോസിലാണ് ഓലെസ്‌കി ഗോൾ നേടിയത്. തനിക്കൊപ്പം ഉയരത്തിൽ വരികയായിരുന്ന പന്തിനെ ക്രെച്ചസിൽ നിന്നു കൊണ്ടാണ് താരം ഒരു അക്രോബാറ്റിക് കിക്കിലൂടെ വലയിലെത്തിച്ചത്. പ്രൊഫെഷണൽ താരങ്ങൾക്ക് പോലും പലപ്പോഴും അസാധ്യകുന്ന ഗോളായിരുന്നു അത്.

പുരസ്‌കാരം നേടിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇബ്രാഹിമോവിച്ച്, നെയ്‌മർ എന്നിങ്ങനെ മുൻപ് പുരസ്‌കാരം നേടിയിട്ടുള്ള താരങ്ങൾക്കൊപ്പം സ്ഥാനം നേടാൻ ഓലെസ്‌കിക്ക് കഴിഞ്ഞു. ഗോൾ നേടിയതിനു അസിസ്റ്റ് നൽകിയ തന്റെ സുഹൃത്തിനു നന്ദി പറഞ്ഞ താരം അതുപോലെയൊരു ഗോൾ നേടാൻ ഒരുപാട് കാലം താൻ ശ്രമിച്ചിരുന്നു എന്ന് വ്യക്തമാക്കി. ആ ഗോൾ നേടാൻ കഴിഞ്ഞതിലും അതിനു പുരസ്‌കാരം ലഭിച്ചതിലും സന്തോഷമുണ്ടെന്നും താരം പറഞ്ഞു.