അവാർഡിനേക്കാൾ വലുതാണ് മെസിക്ക് തന്റെ സുഹൃത്തുക്കൾ, വീണ്ടും തെളിയിച്ച് താരം

ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ഫിഫ ബെസ്റ്റ് അവാർഡ്‌സ് പ്രഖ്യാപനം നടത്തിയത്. ഏവരും പ്രതീക്ഷിച്ചതു പോലെ തന്നെ ഖത്തർ ലോകകപ്പിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ച ലയണൽ മെസിയാണ് ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇതിനു പുറമെ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിയും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും പുരസ്‌കാരം നേടിയിരുന്നു.

ദേശീയ ടീമിലെ നായകൻമാരും പരിശീലകരും ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ വോട്ടു ചെയ്യുന്നത് പതിവാണ്. ഈ വോട്ടുകളും അതിനു ശേഷം ഫിഫ പാനലും ചേർന്നാണ് അന്തിമ വിജയിയെ പ്രഖ്യാപിക്കുക. അർജന്റീനയുടെ നായകനെന്ന നിലയിൽ ലയണൽ മെസിയും ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ മികച്ച താരത്തിനുള്ള വോട്ട് രേഖപ്പെടുത്തിയിരുന്നു. തന്റെ സുഹൃത്തുക്കൾക്കാണ് എന്നും പരിഗണനയെന്നു വ്യക്തമാക്കുന്നതാണ് മെസി നൽകിയ വോട്ടുകൾ.

മെസിയുടെ ആദ്യത്തെ വോട്ട് തന്റെ ഉറ്റ സുഹൃത്തും പിഎസ്‌ജി സഹതാരവുമായി നെയ്‌മർക്കായിരുന്നു. അഞ്ചു പോയിന്റാണ് ഇതുവഴി നെയ്‌മർക്ക് ലഭിച്ചത്. അതിനു ശേഷമുള്ള മെസിയുടെ വോട്ട് പിഎസ്‌ജിയിലെ തന്റെ സഹതാരമായ എംബാപ്പെക്ക് നൽകി. ലോകകപ്പിൽ ഗംഭീര പ്രകടനം നടത്തിയ ഫ്രഞ്ച് താരത്തിന് മൂന്നു പോയിന്റാണ് ഇതുവഴി ലഭിച്ചത്. അതിനു ശേഷമുള്ള മെസിയുടെ വോട്ട് റയൽ മാഡ്രിഡ് താരമായ കരിം ബെൻസിമക്കായിരുന്നു.

അതേസമയം അർജന്റീന പരിശീലകനെന്ന നിലയിൽ വോട്ട് ചെയ്‌ത ലയണൽ സ്‌കലോണി തന്റെ ആദ്യത്തെ രണ്ടു വോട്ടുകളും അർജന്റീന താരങ്ങൾക്ക് തന്നെയാണ് നൽകിയത്. ലയണൽ മെസിക്ക് ആദ്യത്തെ വോട്ട് നൽകിയ അദ്ദേഹം രണ്ടാമത്തെ വോട്ട് ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ ഹൂലിയൻ അൽവാരസിനു നൽകി. മൂന്നാമത്തെ വോട്ട് ലോകകപ്പിലും റയൽ മാഡ്രിഡിനും വേണ്ടി ഗംഭീര പ്രകടനം നടത്തിയ ലൂക്ക മോഡ്രിച്ചിനാണ്‌ നൽകിയത്.