ബെൻസിമയെ തഴഞ്ഞു മെസിക്ക് വോട്ടു നൽകിയതിനു കിട്ടിയത് എട്ടിന്റെ പണി, ഒടുവിൽ എന്താണ് സംഭവിച്ചതെന്നു വിശദീകരിച്ച് താരം

ഫിഫ ബെസ്റ്റ് അവാർഡുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ അർജന്റീന താരമായ ലയണൽ മെസിയാണ് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇത് രണ്ടാമത്തെ തവണയാണ് മെസി ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി നടത്തിയ അതിഗംഭീരം പ്രകടനമാണ് ഇതിനു മുൻപ് 2019ൽ സ്വന്തമാക്കിയ പുരസ്‌കാരം ഒരിക്കൽക്കൂടി നേടാൻ മെസിയെ സഹായിച്ചത്.

അതിനിടയിൽ മെസിക്ക് വോട്ടു ചെയ്‌തതിന്റെ പേരിൽ ആരാധകരുടെ പൊങ്കാല ഏറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ് റയൽ മാഡ്രിഡ് താരമായ ഡേവിഡ് അലബക്ക്. ദേശീയ ടീമിന്റെ നായകന്മാർക്കും പരിശീലകർക്കും ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ വോട്ടു ചെയ്യാമെന്നിരിക്കെ ഓസ്ട്രിയൻ ടീമിന്റെ നായകനായ അലബ തന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെ വോട്ട് ലയണൽ മെസിക്ക് നൽകിയ താരം അതിനു ശേഷമുള്ള വോട്ടുകൾ ബെൻസിമക്കും എംബാപ്പക്കുമാണ്‌ നൽകിയത്.

റയൽ മാഡ്രിഡ് താരമായിരിക്കെ ബെൻസിമയെ തഴഞ്ഞ ആൽബ മുൻ ബാഴ്‌സലോണ നായകൻ കൂടിയായ ലയണൽ മെസിക്ക് വോട്ട് ചെയ്‌തത്‌ റയൽ മാഡ്രിഡ് ആരാധകരുടെ ഇടയിൽ വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ പൊങ്കാല ഏറ്റു വാങ്ങിയ താരം വംശീയമായ അധിക്ഷേപത്തിനും ഇരയായിട്ടുണ്ട്. ഇതേതുടർന്ന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വിശദീകരണവും താരം നൽകി.

താൻ ഒറ്റക്കല്ല, ഓസ്ട്രിയൻ ഫുട്ബോൾ ടീം കൗൺസിലിലെ ഓരോരുത്തരും വോട്ടെടുപ്പിന്റെ ഭാഗമായിരുന്നുവെന്നും അങ്ങിനെയാണ് ലയണൽ മെസിക്ക് ആദ്യത്തെ വോട്ട് വന്നതെന്നുമാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ അലബ അറിയിച്ചത്. കരിം ബെൻസിമയെ എത്രത്തോളം ബഹുമാനിക്കുന്നു എന്ന കാര്യം താരത്തിന് അറിയാമെന്നും അലബ തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു. എന്തായാലും റയൽ മാഡ്രിഡ് ആരാധകർ തങ്ങളുടെ പ്രതിഷേധം അടുത്ത മത്സരത്തിൽ താരത്തിനെതിരെ കാണിക്കാൻ സാധ്യതയുണ്ട്.