റൊണാൾഡോയെ ബെഞ്ചിലിരുത്തിയ പരിശീലകന്റെ വോട്ട് ലയണൽ മെസിക്കും

ഖത്തർ ലോകകപ്പിൽ വളരെയധികം ചർച്ചയായ സംഭവമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷം നടന്ന പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളിൽ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് ബെഞ്ചിലിരുത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മോശം ഫോമിൽ കളിച്ചിരുന്ന റൊണാൾഡോക്ക് ലോകകപ്പിലും തിളങ്ങാനാവാതെ വന്നതോടെയാണ് താരത്തെ ബെഞ്ചിലിരുത്താൻ പരിശീലകൻ തീരുമാനിച്ചത്.

ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ പുറത്തായതോടെ ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കിയിരുന്നു. ഇപ്പോൾ അദ്ദേഹം വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഫിഫ ദി ബെസ്റ്റ് അവാർഡ്‌സിൽ അദ്ദേഹം നൽകിയ വോട്ടുകളാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രധാന എതിരാളിയായ ലയണൽ മെസിക്ക് അദ്ദേഹം തന്റെ മൂന്നു വോട്ടുകളിലൊന്ന് നൽകിയിട്ടുണ്ട്.

ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെക്കാണ് തന്റെ ആദ്യത്തെ വോട്ട് ഫെർണാണ്ടോ സാന്റോസ് നൽകിയിരിക്കുന്നത്. അതിനു ശേഷം രണ്ടാമത്തെ മികച്ച താരമായി ലയണൽ മെസിയെ തിരഞ്ഞെടുത്ത സാന്റോസ് മൂന്നാമത്തെ താരമായി റോബർട്ട് ലെവൻഡോസ്‌കിക്കും വോട്ട് ചെയ്‌തു. പോർചുഗലിനായി വോട്ടു ചെയ്‌ത പെപ്പെ ലയണൽ മെസിയെ പൂർണമായും തഴഞ്ഞപ്പോഴാണ് ഡിസംബർ വരെ പോർച്ചുഗൽ പരിശീലകനായിരുന്ന സാന്റോസ് മെസിക്ക് വോട്ടു ചെയ്‌തത്‌.

സാന്റോസിന്റെ വോട്ടിങ്ങിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്. നിലവിൽ പോളണ്ടിന്റെ പരിശീലകനാണ് ഫെർണാണ്ടോ സാന്റോസ്. പോളണ്ടിന്റെ സൂപ്പർതാരമായ റോബർട്ട് ലെവൻഡോസ്‌കിക്ക് അദ്ദേഹം മൂന്നാമത്തെ വോട്ടാണ് നൽകിയത്. ബാക്കി ദേശീയ ടീമിന്റെ പരിശീലകരെല്ലാം തങ്ങളുടെ താരം ലിസ്റ്റിലുണ്ടെങ്കിൽ ആദ്യത്തെ വോട്ട് അവർക്ക് നൽകുമ്പോഴാണ് സാന്റോസ് ലെവൻഡോസ്‌കിക്ക് മൂന്നാമത്തെ വോട്ട് നൽകിയത്.