“സ്വാർത്ഥതയുടെ പ്രതിരൂപം”- വിജയത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ വിമർശനവുമായി ആരാധകർ

ലിവർപൂളിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഏഴു ഗോളുകളുടെ തോൽവി വഴങ്ങിയതിനു ശേഷം നടന്ന കഴിഞ്ഞ മത്സരത്തിൽ മികച്ച വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. യൂറോപ്പ ലീഗിൽ സ്‌പാനിഷ്‌ ക്ലബായ റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. ഇതോടെ രണ്ടാം പാദ മത്സരത്തിന് മുൻപേ ക്വാർട്ടർ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരിക്കയാണ് യുണൈറ്റഡ്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിലും ടീമിലെ ഒരു താരത്തിനെ ആരാധകർ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്. ഇന്നലത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മനോഹരമായ ഗോൾ നേടിയ ബ്രസീലിയൻ താരം ആന്റണിയാണ് ആരാധകരുടെ അപ്രീതിക്കിരയായത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഒരു ഗോൾ നേടിയ താരം രണ്ടാം പകുതിയിൽ ലഭിച്ച സുവർണാവസരം സഹതാരങ്ങൾക്ക് പാസ് നൽകാതെ തുലച്ചതാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുന്നിട്ട് നിൽക്കുമ്പോഴാണ് ആന്റണിക്ക് സുവർണാവസരം ലഭിച്ചത്. ഗോൾകീപ്പർ ബ്രാവോ മാത്രം മുന്നിൽ നിൽക്കെയാണ് താരത്തിന് പന്ത് ലഭിച്ചത്. അത് പാസ് നൽകിയിരുന്നെങ്കിൽ എളുപ്പത്തിൽ ഗോളാക്കാനുള്ള പൊസിഷനിൽ ഫ്രെഡ്, വേഗോസ്റ്റ്, രാഷ്‌ഫോഡ് എന്നിവർ നിന്നിരുന്നെങ്കിലും ഒറ്റക്ക് ഗോൾ നേടാൻ ശ്രമിച്ച ആന്റണിയുടെ ശ്രമം ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

ഈ സംഭവത്തിന് പിന്നാലെയാണ് ആരാധകർ ബ്രസീലിയൻ താരത്തിന്റെ സ്വാർത്ഥമായ മനോഭാവത്തെ വിമർശിക്കുന്നത്. അതേസമയം ലിവർപൂളിനെതിരെ വഴങ്ങിയ കനത്ത തോൽവി തങ്ങളുടെ ആത്മവിശ്വാസത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് മത്സരത്തിൽ യുണൈറ്റഡ് നേടിയ മികച്ച വിജയം വ്യക്തമാക്കുന്നത്. അടുത്ത മത്സരത്തിൽ പ്രീമിയർ ലീഗിൽ സൗത്താപ്റ്റനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.