ലോകകപ്പിൽ കണ്ടതെന്താണെന്ന് പിഎസ്‌ജി മനസിലാക്കണം, മെസിക്ക് ഫ്രാൻസിൽ നിന്നും പിന്തുണ

ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് ഫ്രഞ്ച് ക്ലബിനൊപ്പമുള്ള നാളുകൾ അത്ര സുഖകരമല്ല. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ താരത്തിന്റെ ഈ സീസണിലെ ഫോമും സമ്മിശ്രമാണ്. അതിനിടയിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും ടീം പുറത്താവുകയും ചെയ്‌തു. ലയണൽ മെസിയുടെ ട്രാൻസ്‌ഫർ പൂർത്തിയായതിനു ശേഷം തുടർച്ചയായ രണ്ടാമത്തെ വർഷമാണ് പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്തു പോകുന്നത്.

അതിനിടയിൽ ലയണൽ മെസിയെ ഒഴിവാക്കുകയാണ് പിഎസ്‌ജിയുടെ ലക്ഷ്യമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുക കൂടി ചെയ്‌തതോടെ ഫ്രാൻസിലെ ആരാധകർ മെസിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ക്ലബിന്റെ ആരാധകർ തന്നെ മെസിക്കെതിരെ നിൽക്കുന്ന സാഹചര്യത്തിൽ താരത്തിന് കരാർ നൽകുന്നത് ഉചിതമാകില്ലെന്നതിനാൽ ഓഫർ പിൻവലിക്കാനാണ് പിഎസ്‌ജി ഒരുങ്ങുന്നത്.

അതേസമയം മെസിക്ക് പിന്തുണയുമായി മുൻ ഫ്രഞ്ച് താരം സമീർ നസ്‌റി രംഗത്തു വന്നിട്ടുണ്ട്. മെസിയുടെ കാര്യത്തിൽ പിഎസ്‌ജി അർജന്റീന ടീമിനെ മാതൃകയാക്കി മുന്നോട്ടു പോകണമെന്നാണ് അദ്ദേഹം പറയുന്നത്. “മെസിയെ സഹായിച്ച്, മെസിക്ക് ചുറ്റും ടീം കറങ്ങുകയാണെങ്കിൽ താരം നൂറു ശതമാനം മികച്ച പ്രകടനം നൽകും. ലോകകപ്പിൽ അതു നമ്മൾ കണ്ടതാണ്, പാരീസിൽ താരത്തിന് ലഭിക്കാത്തതും അതു തന്നെയാണ്.” താരം പറഞ്ഞു.

ലയണൽ മെസിയെ കേന്ദ്രീകരിച്ചു കളിക്കുന്ന അർജന്റീന ടീം കഴിഞ്ഞ രണ്ടു വർഷത്തിൽ സാധ്യമായ മൂന്നു കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. അതേസമയം പിഎസ്‌ജി ലയണൽ മെസിയെ കേന്ദ്രീകരിച്ച്, താരത്തിന് പൂർണമായ സ്വാതന്ത്ര്യം നൽകിയില്ല കളിക്കുന്നത്. അതുകൊണ്ടു തന്നെ താരം പിഎസ്‌ജി വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറി വീണ്ടും നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കണമെന്നാണ് ഭൂരിഭാഗം ആരാധകരുടെയും അഭിപ്രായം.