മെസി, മെസിയെന്ന് ഉച്ചത്തിൽ മുഴങ്ങുന്ന സ്റ്റേഡിയത്തിൽ വില്ലൻ ചിരിയോടെ റൊണാൾഡോ, ഒടുവിൽ രോഷപ്രകടനം

സൗദി പ്രൊ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ തോൽവി വഴങ്ങുകയാണുണ്ടായത്. തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയെത്തിയ ടീം ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ അൽ ഇത്തിഹാദിനോടാണ് തോൽവി വഴങ്ങിയത്. ബ്രസീലിയൻ താരം റോമാറീന്യോ എൺപതാം മിനുട്ടിൽ നേടിയ ഗോളിലാണ് അൽ ഇത്തിഹാദ് വിജയം നേടിയത്. ഇതോടെ പോയിന്റ് ടേബിളിലും അവർ മുന്നിലെത്തി.

അൽ ഇത്തിഹാദിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൊണാൾഡോയെ ലക്‌ഷ്യം വെച്ചു കൊണ്ടാണ് ആരാധകർ പ്രവർത്തിച്ചിരുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ റൊണാൾഡോയടക്കമുള്ള താരങ്ങൾ വാമപ്പ് ചെയ്യുമ്പോൾ തന്നെ ഇത്തിഹാദ് ആരാധകർ ലയണൽ മെസിയുടെ സ്റ്റേഡിയത്തിൽ ഉച്ചത്തിൽ ഉയർത്തിയിരുന്നു. ലൈനപ്പിന്റെ സമയത്ത് ഇത് കേട്ട റൊണാൾഡോ ഒരു വില്ലൻ ലുക്കിലുള്ള ചിരിയോടെയാണ് ഇതിനെ നേരിട്ടത്.

അതേസമയം മത്സരത്തിൽ തോൽവി വഴങ്ങിയതോടെ തന്റെ ശാന്തമായ സ്വഭാവം നിലനിർത്താൻ റൊണാൾഡോക്ക് കഴിഞ്ഞില്ല. തീർത്തും അസ്വസ്ഥനായാണ് റൊണാൾഡോ മൈതാനത്തു നിന്നും ഡ്രസിങ് റൂമിലേക്ക് പോയത്. അതിനിടയിൽ അവിടെ ഗ്രൗണ്ടിന്റെ വശത്ത് കിടന്നിരുന്ന വെള്ളത്തിന്റെ ബോട്ടിലുകൾ താരം തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. കൂക്കി വിളികളോടെയാണ് അൽ ഇത്തിഹാദ് ആരാധകർ ഇതിനെ സ്വീകരിച്ചത്.

സൗദി പ്രൊ ലീഗിൽ ആദ്യത്തെ ഏതാനും മത്സരങ്ങളിൽ ഫോമിലെത്താൻ റൊണാൾഡോക്ക് കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. എന്നാൽ അവസാനത്തെ രണ്ടു മത്സരങ്ങളിലും താരത്തിന് ഗോൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം രണ്ടാം സ്ഥാനത്തേക്ക് വീണത് റൊണാൾഡോയെ സംബന്ധിച്ച് കൂടുതൽ നിരാശയുണ്ടാക്കുന്ന കാര്യമാണ്.