പിഎസ്‌ജി ആരാധകർ മെസിക്കെതിരെ, താരത്തെ ഒഴിവാക്കാൻ തീരുമാനമായി; പുതിയ കരാർ നൽകില്ല

ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും ഇതുവരെയും അതിൽ തീരുമാനമൊന്നും ആയിട്ടില്ല. പിഎസ്‌ജിയിൽ തുടരുന്ന കാര്യത്തിൽ മെസിക്ക് സംശയങ്ങളുണ്ടെന്നും അതുകൊണ്ടാണ് കരാർ പുതുക്കുന്ന കാര്യത്തിൽ അനുകൂലമായി പ്രതികരിക്കാത്തതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിഎസ്‌ജി തന്നെ അതിൽ നിന്നും പിന്മാറാൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തോൽവി വഴങ്ങി ടൂർണമെന്റിൽ നിന്നും പുറത്തു പോയതിനു പിന്നാലെയാണ് പിഎസ്‌ജി ഈ തീരുമാനമെടുത്തതെന്ന് ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. പിഎസ്‌ജി പുറത്തായതോടെ ആരാധാകരുടെ വിമർശനം മെസിക്കെതിരെയും തിരിഞ്ഞിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് മെസിയുടെ കരാർ പുതുക്കേണ്ടെന്ന് പിഎസ്‌ജി തീരുമാനിച്ചത്.

ലയണൽ മെസിക്ക് പുറമെ നെയ്‌മറേയും ഒഴിവാക്കാൻ പിഎസ്‌ജി തീരുമാനം എടുത്തിട്ടുണ്ട്. പരിക്കേറ്റ ബ്രസീലിയൻ താരം ബയേണിനെതിരെ കളിച്ചിരുന്നില്ല. കാലിനു ശസ്ത്രക്രിയ നടത്തിയ താരം ഈ സീസൺ അവസാനിക്കുന്നത് വരെ കളിക്കളത്തിലുണ്ടാകില്ല. മെസിയെയും നെയ്‌മറെയും ഒഴിവാക്കി പുതിയൊരു ടീമിനെ എംബാപ്പെക്ക് ചുറ്റും കേന്ദ്രീകരിച്ചു കളിപ്പിച്ച് ചാമ്പ്യൻസ് ലീഗെന്ന ലക്‌ഷ്യം നടപ്പിലാക്കുകയാണ് പിഎസ്‌ജി ഉദ്ദേശിക്കുന്നത്.

ഒരിക്കൽ ഫൈനലിൽ കളിച്ചതാണ് ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിയുടെ ഏറ്റവും വലിയ നേട്ടം. മെസി, എംബാപ്പെ, നെയ്‌മർ സഖ്യം ഒരുമിച്ച് കളിച്ച രണ്ടു സീസണിലും പ്രീ ക്വാർട്ടർ കടക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞിട്ടില്ല. ഈ താരങ്ങൾ ഒരുമിച്ച് കളിക്കുന്നത് പിഎസ്‌ജി ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്. ഇതു തന്നെയാണ് ആരാധകരും പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.