കേരളത്തിനുള്ള ബഹുമാനം നിങ്ങൾ ഇല്ലാതാക്കരുത്, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കെതിരെ സുനിൽ ഛേത്രിയുടെ ഭാര്യ

ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരത്തിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെ ഗോൾ നേടിയ ഛേത്രിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. എന്നാൽ ഛേത്രിക്കെതിരെ മാത്രമല്ല, താരത്തിന്റെ ഭാര്യയും രൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയമായെന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു.

നിരവധി ദിവസങ്ങളായി തുടരുന്ന സൈബർ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ഛേത്രിയുടെ ഭാര്യയായ സോനം ഭട്ടാചാര്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അവർ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കെതിരെ പ്രതികരിച്ചത്. മത്സരവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും അതൊരു പ്രതികാരബുദ്ധിയിലേക്ക് മാറുന്നത് ഉചിതമല്ലെന്നു പറഞ്ഞ് രൂക്ഷമായ വിമർശനമാണ് സോനം നടത്തിയത്.

“ഫുട്ബാള്‍, വൈരി, ആവേശം, പിന്തുണ എന്നിവക്കിടയില്‍ പരസ്പരം ദയ കാണിക്കാനും മാന്യമായി പെരുമാറാനും നമ്മള്‍ മറക്കുന്നത് എന്തുകൊണ്ടാണ്? സമൂഹമാധ്യമങ്ങളിലൂടെ വെറുപ്പ് നിറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു നിങ്ങള്‍ക്ക് കുടുംബത്തോടെ സമാധാനമായി ഇരിക്കാന്‍ സാധിക്കുന്നുണ്ടാകും. ഞങ്ങളുടെ കുടുംബത്തെ അധിക്ഷേപിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്ന സന്തോഷം നേടിയെന്ന് കരുതുന്നു.” സോനം പറയുന്നു.

“ഊഷ്മളതയും ആതിഥ്യമര്യാദയും അറിയുന്നവര്‍ വസിക്കുന്ന മനോഹര സംസ്ഥാനമാണ് കേരളം. നിങ്ങളുടെ ഈ പ്രവൃത്തി കണ്ടതുകൊണ്ടൊന്നും ആ ചിത്രം മാറാൻ പോകുന്നില്ല. ഫൈനല്‍ വിസില്‍ ഉയരുന്നതോടെ എല്ലാത്തിനും മുകളിലായി കരുണ കാത്തു സൂക്ഷിക്കുക.” ആരാധകരുടെ വിമര്‍ശനത്തിനെതിരെ സോനം കുറിച്ചു.

മത്സരം വീണ്ടും നടത്തണമെന്നും റഫറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തള്ളിക്കളഞ്ഞിരുന്നു. അതേസമയം ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയിച്ച ബെംഗളൂരു അതിനു ശേഷം മുംബൈക്കെതിരായ സെമി ആദ്യപാദവും വിജയിച്ചു. അടുത്ത മത്സരത്തിലൂടെ ഫൈനലാണ് ടീം ലക്ഷ്യമിടുന്നത്.