മെസിയും നെയ്‌മറുമടക്കം നാല് താരങ്ങളെ ഒഴിവാക്കുകയാണ് പിഎസ്‌ജിക്ക് നല്ലത്, ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനു പിന്നാലെ നിർദ്ദേശം

ഈ സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിലാണ് പിഎസ്‌ജി കളിച്ചു കൊണ്ടിരുന്നത്. എങ്കിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൻഫിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്തു വന്നത് അവർക്ക് വലിയ തിരിച്ചടിയായി. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ പോലൊരു ടീമിനെ പ്രീ ക്വാർട്ടറിൽ നേരിടേണ്ടി വന്നതും അതുകൊണ്ടു തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ബെൻഫിക്കക്ക് ക്ലബ് ബ്രൂഗേ ആയിരുന്നു എതിരാളികൾ.

ബയേൺ മ്യൂണിക്കിനോട് യാതൊരു തരത്തിലും പൊരുതാൻ പോലും കഴിയാതെയാണ് പിഎസ്‌ജി പ്രീ ക്വാർട്ടറിൽ കീഴടങ്ങിയത്. പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയത് അവർക്ക് കൂടുതൽ തിരിച്ചടി നൽകുകയും ചെയ്‌തു. ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടിയ ബയേൺ മ്യൂണിക്ക് സ്വന്തം മൈതാനത്തു നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയാണ് ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ചത്.

ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം മെസി അടക്കമുള്ള നാല് താരങ്ങളെ പിഎസ്‌ജി വിൽക്കണമെന്നാണ് ലിവർപൂളിനും റയൽ മാഡ്രിഡിനും വേണ്ടി മുൻപ് കളിച്ചിട്ടുള്ള താരമായ സ്റ്റീവ് മക്മനാൻ പറയുന്നത്. ലയണൽ മെസിക്കും സെർജിയോ റാമോസിനും പ്രായമേറി വരികയാണെന്നു പറഞ്ഞ അദ്ദേഹം നെയ്‌മർക്ക് സീസണിന്റെ അവസാനം വരെ മികച്ച ഫോമിൽ കളിക്കാൻ കഴിയുന്നില്ലെന്നും അതുപോലേ തന്നെയുള്ള മറ്റൊരു ബ്രസീലിയൻ താരമായ മാർക്വിന്യോസിനെയും ഒഴിവാക്കണമെന്നും പറഞ്ഞു.

നിലവിലെ പ്രോജക്റ്റ് പിഎസ്‌ജി ഒഴിവാക്കണമെന്നും ആദ്യം മുതൽ തുടങ്ങണമെന്നും അദ്ദേഹം പറയുന്നു. പ്രതിഭയുള്ള മികച്ച താരങ്ങളാണ് പിഎസ്‌ജി അക്കാദമിയിൽ നിന്നും ഉണ്ടായി വരുന്നതെന്നും അവരെ യൂറോപ്പിലെ മറ്റു ക്ലബുകൾക്ക് നൽകാതെ അവിടെത്തന്നെ കളിപ്പിച്ച് മികച്ചൊരു ടീമിനെ ഉണ്ടാക്കിയെടുക്കുകയാണ് പിഎസ്‌ജി ഇനി ചെയ്യേണ്ടതെന്നും സ്‌ക്വാഡിൽ ഒന്നോ രണ്ടോ സൂപ്പർതാരങ്ങൾ മതിയാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി.