റൊണാൾഡോയെപ്പോലെ മെസി അധ്വാനിച്ചാൽ പതിനഞ്ചു ബാലൺ ഡി ഓർ സ്വന്തമാക്കാമായിരുന്നു, പറയുന്നത് റൊണാൾഡോയുടെ മുൻ സഹതാരം

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ക്ലബ് തലത്തിലും ദേശീയ ടീമിനായും സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ലയണൽ മെസി ഏഴു ബാലൺ ഡി ഓറും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഖത്തർ ലോകകപ്പിൽ കിരീടം ഉയർത്തിയ മെസി ചിലപ്പോൾ ഈ വർഷത്തെ ബാലൺ ഡി ഓറും സ്വന്തമാക്കി പുരസ്‌കാരനേട്ടം എട്ടാക്കി ഉയർത്താനുള്ള സാധ്യതയുണ്ട്.

അതേസമയം മെസിയെക്കാൾ മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായ പാട്രിക് എവ്‌റ പറയുന്നത്, മെസി ജന്മം കൊണ്ടു തന്നെ ലഭിച്ച തന്റെ പ്രതിഭയിലൂടെ നേട്ടങ്ങൾ സ്വന്തമാക്കിയപ്പോൾ റൊണാൾഡോ തന്റെ കഠിനാധ്വാനം കൊണ്ടാണ് ലോകം കീഴടക്കിയതെന്നും റൊണാൾഡോയെപ്പോലെ മെസിയും അധ്വാനിച്ചിരുന്നെങ്കിൽ പതിനഞ്ചു ബാലൺ ഡി ഓർ അർജന്റീന താരം സ്വന്തമാക്കിയിരുന്നേനെയെന്നും എവ്‌റ പറഞ്ഞു.

“എന്തുകൊണ്ടാണ് ഞാൻ റൊണാൾഡോ മികച്ചതാണെന്ന് പറയുന്നതെന്ന് വിശദീകരിക്കാൻ ആഗ്രഹിക്കുന്നു, അവൻ എന്റെ സഹോദരനായതുകൊണ്ടല്ല. കാരണം, അവന്റെ പ്രവർത്തനരീതിയെ സ്നേഹിക്കുന്നു. മെസിക്ക് ദൈവം കഴിവ് നൽകി,ഈ കുട്ടികളുമായി കളിക്കൂവെന്ന് പറഞ്ഞു. ക്രിസ്റ്റ്യാനോയ്ക്ക് അതിനായി പ്രയത്നിക്കേണ്ടി വന്നു, കഴിവുണ്ടെങ്കിൽ പോലും അതിനായി പ്രവർത്തിക്കണം. ക്രിസ്റ്റ്യാനോയെപ്പോലെ മെസി അധ്വാനിച്ചാൽ, മെസ്സിക്ക് ഇന്ന് 15 ബാലൺ ഡി ഓർ ലഭിക്കുമായിരുന്നു.”

“കഠിനാധ്വാനം ചെയ്യുന്ന ആളുകളെ ഞാൻ സ്നേഹിക്കുന്നു, അതുകൊണ്ടാണ് ഞാൻ ക്രിസ്റ്റ്യാനോയെ തിരഞ്ഞെടുത്തത്, ലോകകപ്പിന് ശേഷം അവർ മെസിയാണ് ഏറ്റവും മികച്ചതെന്ന് പറയുന്നുണ്ടെന്ന് എനിക്കറിയാം, പക്ഷേ റൊണാൾഡോ വ്യത്യസ്ത തലത്തിലാണ്. ആരെങ്കിലും മെസ്സിയെ തിരഞ്ഞെടുത്താൽ ഞാൻ അദ്ദേഹത്തോട് യോജിക്കും, പക്ഷെ എനിക്ക് ഇക്കാര്യത്തിൽ വ്യത്യസ്‌തമായ അഭിപ്രായമുണ്ട്.” എവ്‌റ പറഞ്ഞു.