കൊച്ചിക്കുള്ളത് ഫുട്ബോൾ സ്നേഹമല്ല, അവസാനനിമിഷം കൊച്ചിയിൽ നിന്നും സൂപ്പർ കപ്പ് ഒഴിവാക്കിയതിന്റെ കാരണം പുറത്ത്

ചെറിയൊരു ഇടവേളക്ക് ശേഷം സൂപ്പർകപ്പ് മത്സരങ്ങൾ വീണ്ടും നടത്താൻ ഒരുങ്ങുകയാണ് എഐഎഫ്എഫ്. ഇത്തവണ സൂപ്പർകപ്പിൽ കേരളമാണ് ആതിഥേയത്വം വഹിക്കുന്നത്. ഏപ്രിൽ മൂന്നു മുതൽ ഇരുപത്തിയഞ്ചു വരെ കോഴിക്കോടും പയ്യനാടും വെച്ചാണ് സൂപ്പർകപ്പ് മത്സരങ്ങൾ നടക്കുക. പതിനൊന്ന് ഐഎസ്എൽ ടീമുകളും പത്ത് ഐ ലീഗ് ടീമുകളും ഇത്തവണത്തെ സൂപ്പർകപ്പ് ടൂർണമെന്റിൽ പങ്കെടുക്കും.

നേരത്തെ കേരളത്തിലെ നാല് വേദികളിലായി സൂപ്പർകപ്പ് മത്സരങ്ങൾ നടത്തുമെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നത്. ആദ്യം തിരുവന്തപുരത്തെ ഒഴിവാക്കിയ അവർ അതിനു ശേഷം അവസാന നിമിഷമാണ് കൊച്ചിയെ തഴയുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫെനലിലേക്കുള്ള പ്ലേ ഓഫ് മത്സരത്തിലുണ്ടായ വിവാദങ്ങളാണ് അതിനു കാരണമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതല്ല കൊച്ചിയെ അവസാന നിമിഷം ഒഴിവാക്കിയതിന് പിന്നിലെന്നാണ് പുതിയ വിവരം.

കൊച്ചിയിൽ വെച്ച് സൂപ്പർകപ്പ് മത്സരങ്ങൾ നടത്തിയാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ കാണാൻ മാത്രമേ കാണികൾ ഉണ്ടാവുകയുള്ളൂ. കേരളത്തിൽ തന്നെയുള്ള ഐ ലീഗ് ക്ലബായ ഗോകുലം കേരള വരെ കൊച്ചിയിൽ കളിച്ചാൽ കാണികൾ കുറവായിരിക്കും. എന്നാൽ കോഴിക്കോടും മലപ്പുറത്തും എല്ലാ ടീമിന്റെ മത്സരങ്ങൾക്കും കാണികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ പറഞ്ഞതായി ഹിന്ദു സ്പോർട്ട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഇന്ത്യൻ ഫുട്ബോളിലെ ഒരു പ്രധാനപ്പെട്ട ടൂർണമെന്റ് കേരളത്തിൽ നടക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മലബാർ പോലെ ഫുട്ബോളിന് ഒരുപാട് വേരോട്ടമുള്ള പ്രദേശത്ത് ടൂർണമെന്റ് നടക്കുന്നത് ആവേശം വർധിക്കാൻ കാരണമാകുമെന്നതിൽ യാതൊരു സംശയവുമില്ല. കേരളത്തിലെ രണ്ടു ഫുട്ബോൾ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിന്റെ ആവേശവും സൂപ്പർകപ്പിന്റെ മാറ്റ് കൂട്ടുന്നു.