“മെസി ഞങ്ങൾക്കൊരിക്കലും ഭീഷണിയായിട്ടില്ല, റൊണാൾഡോ എന്നുമൊരു പ്രശ്‌നമായിരുന്നു”- ബയേൺ മ്യൂണിക്ക് താരം പറയുന്നു

ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്കെതിരെ നടന്ന പ്രീ ക്വാർട്ടർ രണ്ടാംപാദ മത്സരത്തിൽ വിജയം നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതിനു പിന്നാലെ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ നേരിടുന്നതിലെ വ്യത്യാസം വെളിപ്പെടുത്തി ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയ ബയേൺ മ്യൂണിക്ക് രണ്ടു പാദങ്ങളിലുമായി മൂന്നു ഗോൾ വിജയം നേടിയാണ് ക്വാർട്ടർ ഫൈനലിൽ എത്തിയത്.

ഈ സീസൺ ലയണൽ മെസിയെ സംബന്ധിച്ച് ലോകകപ്പ് ഉൾപ്പെടെയുള്ള വലിയ നേട്ടങ്ങൾ സ്വന്തമാക്കി സന്തോഷം നിറഞ്ഞതായിരുന്നെങ്കിലും ക്ലബ് തലത്തിൽ അതു നിലനിർത്താൻ കഴിഞ്ഞില്ല. ബയേൺ മ്യൂണിക്കിനെതിരെ നടന്ന രണ്ടു മത്സരങ്ങളിലും ടീമിനെ രക്ഷിക്കുന്ന പ്രകടനം മെസിക്ക് നടത്താനായില്ലായിരുന്നു. ഇന്നലത്തെ മത്സരത്തിന് ശേഷം മെസി എതിരാളിയായി വരുന്നത് തങ്ങൾക്കൊരു കുഴപ്പമാവാറില്ല എന്നാണു തോമസ് മുള്ളർ പറഞ്ഞത്.

“മെസിക്കെതിരെയാകുമ്പോൾ മത്സരഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഞങ്ങൾക്ക് അനുകൂലമായാണ് വരാറുള്ളത്. ക്ലബ് തലത്തിൽ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഞങ്ങൾക്ക് കുഴപ്പം സൃഷ്‌ടിക്കാറുള്ളത്. എന്നാൽ ലോകകപ്പിൽ മെസി നടത്തിയ പ്രകടനത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു.” ക്ലബ് തലത്തിലും ദേശീയ ടീമിനൊപ്പം സാധ്യമായ ഭൂരിഭാഗം നേട്ടങ്ങള് സ്വന്തമാക്കിയ തോമസ് മുള്ളർ പറഞ്ഞു.

ലോകകപ്പിൽ മെസിയുടെ വ്യക്തിഗത പ്രകടനം അതിഗംഭീരമായ ഒന്നാണെന്നും ടീമിനെ മുഴുവനായും താരമാണ് ചുമലിലേറ്റിയതെന്നും മുള്ളർ പറഞ്ഞു. അതേസമയം പിഎസ്‌ജിയിൽ അതുപോലെ കളിക്കുക താരത്തെ സംബന്ധിച്ച് ദുഷ്‌കരമാണെന്നാണ് ജർമൻ താരം പറയുന്നത്. പിഎസ്‌ജി ടീമിൽ സന്തുലിതാവസ്ഥ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും മുള്ളർ കിക്കറിന്റെ ജേർണലിസ്റ്റിനോട് സംസാരിക്കുമ്പോൾ കൂട്ടിച്ചേർത്തു.