തല താഴ്ത്തി മെസിയും എംബാപ്പയും, ഇത് അപമാനകരമായ മടക്കം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവി വഴങ്ങി പിഎസ്‌ജി ടൂർണമെന്റിൽ നിന്നും പുറത്ത്. ആദ്യപാദത്തിൽ ഒരു ഗോളിന്റെ തോൽവി വഴങ്ങിയ പിഎസ്‌ജി രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്. ചൂപ്പ മോട്ടിങ്, ഗ്നാബ്രി എന്നിവർ ബയേണിനായി ഗോളുകൾ നേടി.

ആദ്യപകുതിയിൽ രണ്ടു ടീമുകളും ഒരുപോലെ പൊരുതിയെങ്കിലും ബെഞ്ചിൽ മികച്ച താരങ്ങളില്ലെന്നതാണ് പിഎസ്‌ജിക്ക് തിരിച്ചടിയായത്. മുപ്പത്തിയാറാം മിനുട്ടിൽ തന്നെ നായകനായ മാർക്വിന്യോസ് പരിക്കേറ്റു മടങ്ങി. നോർദി മുക്കിയെലയാണ് അതിനു പകരം ഇറങ്ങിയത്. ആദ്യപകുതി കഴിഞ്ഞതോടെ മുക്കിയെലയും പരിക്കേറ്റു മടങ്ങിയത് പിഎസ്‌ജിയെ തളർത്തി. അതിനു ശേഷമാണ് ബയേൺ മ്യൂണിക്ക് രണ്ടു ഗോളുകളും നേടിയത്.

മത്സരത്തിൽ പരിക്ക് കാരണം ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന നെയ്‌മർ കളിച്ചിരുന്നില്ല. താരത്തിന് ഈ സീസൺ മുഴുവൻ ഇനി കളിക്കാൻ കഴിയില്ല. നെയ്‌മറുടെ അഭാവത്തിലും കഴിഞ്ഞ മത്സരങ്ങളിലെല്ലാം പിഎസ്‌ജി മികച്ച ഫോമിലായിരുന്നതും മെസി, എംബാപ്പെ സഖ്യം തിളങ്ങിയതുമെല്ലാം പിഎസ്‌ജിക്ക് പ്രതീക്ഷയായിരുന്നു. എന്നാൽ രണ്ടു താരങ്ങൾ പരിക്കേറ്റു പുറത്തു പോയതോടെ പിഎസ്‌ജിയുടെ ചെറുത്തുനിൽപ്പ് അവസാനിച്ചു.

പിഎസ്‌ജിയെ തുടർച്ചയായ രണ്ടാമത്തെ സീസണിലാണ് ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്. ടീമിൽ വമ്പൻ താരങ്ങളെ കുത്തി നിറച്ച പിഎസ്‌ജിക്ക് സ്‌ക്വാഡിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിഞ്ഞില്ലെന്നത് തോൽവിക്ക് പ്രധാന കാരണമായിട്ടുണ്ട്. ഇത് ക്ളബിനകത്ത് മുറുമുറുപ്പുകൾ ഉയർത്താനുള്ള സാധ്യതയുണ്ട്. അടുത്ത സീസണിൽ ടീമിനെ അഴിച്ചു പണിയേണ്ടതും ആവശ്യമാണെന്നും ഇത് തെളിയിക്കുന്നു.