മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന തീരുമാനമെടുത്തു, ഗർനാച്ചോയെ അർജന്റീന ടീമിലേക്ക് വിട്ടുകൊടുക്കില്ല | Alejandro Garnacho
ഖത്തർ ലോകകപ്പിൽ ഐതിഹാസികമായി കിരീടം സ്വന്തമാക്കിയ അർജന്റീനക്ക് ഏതാനും മാസങ്ങളുടെ ഉള്ളിൽ തന്നെ അടുത്ത ലോകകപ്പ് നേടാനുള്ള അവസരമാണ് അടുത്ത മാസത്തിൽ നടക്കുന്ന ലോകകപ്പ്. നേരിട്ട് യോഗ്യത നേടിയില്ലെങ്കിലും ഇന്തോനേഷ്യയെ ലോകകപ്പ് ഹോസ്റ്റിങ്ങിൽ നിന്നും ഫിഫ ഒഴിവാക്കിയതിനു ശേഷം അർജന്റീനക്ക് വേദി അനുവദിച്ചതോടെ ആതിഥേയർ എന്ന നിലയിലാണ് അണ്ടർ 20 ലോകകപ്പിൽ പങ്കെടുക്കാൻ അവസരമൊരുങ്ങിയത്.
സ്വന്തം രാജ്യത്ത് നടക്കുന്ന ലോകകപ്പിൽ കിരീടം നേടാനുള്ള പദ്ധതിയാണ് അർജന്റീന അവലംബിക്കുന്നത്. അതിനായി ലഭ്യമായതിൽ ഏറ്റവും മികച്ച താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനും അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. യൂറോപ്പിലെ ഉൾപ്പെടെ വിവിധ ക്ലബുകളിൽ കളിക്കുന്ന അർജന്റീനയുടെ യുവതാരങ്ങളെ ഉൾപ്പെടുത്തി പരിശീലകനായ ഹാവിയർ മഷറാനോ ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രഖ്യാപിക്കുകയുമുണ്ടായി.
(🌕) Final decision is made, Manchester United will not let Alejandro Garnacho play the U20 World Cup. In either way, Garnacho will be called up with the senior National Team for the friendly games in June. @gastonedul 🇦🇷 pic.twitter.com/w5JYmJMPiO
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 28, 2023
എന്നാൽ അർജന്റീനക്ക് വലിയ തിരിച്ചടി നൽകി ടീമിലെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ അലസാൻഡ്രോ ഗർനാച്ചോയെ ലോകകപ്പിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു കൊടുക്കില്ലെന്നാണ് അർജന്റീനിയൻ ജേർണലിസ്റ്റായ ഗാസ്റ്റാൻ എഡൂൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അന്തിമമായ തീരുമാനം എടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ടീമിലെ ഏറ്റവും പ്രധാന താരമായി കരുതുന്ന ഗർനാച്ചോയുടെ അഭാവം അർജന്റീനക്ക് വലിയ തിരിച്ചടിയാണ്.
ലോകകപ്പിൽ പങ്കെടുക്കണമെന്നും അർജന്റീനക്കായി കിരീടത്തിനു വേണ്ടി പോരാടണമെന്നുമാണ് ഗർനാച്ചോ ആഗ്രഹിക്കുന്നത്. ഇക്കാര്യം പരിശീലകൻ എറിക് ടെൻ ഹാഗിനെ താരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പരിക്കിൽ നിന്നും സുഖം പ്രാപിച്ചു വരുന്ന താരത്തിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ ശ്രദ്ധാലുക്കളാണ്. ലോകകപ്പിന്റെ സമയത്താണ് എഫ്എ കപ്പ് ഫൈനൽ നടക്കുന്നതെന്നതും യുണൈറ്റഡിന്റെ തീരുമാനത്തിന് പിന്നിലെ കാരണമായി.
അതേസമയം ജൂണിൽ നടക്കാനിരിക്കുന്ന അർജന്റീന സീനിയർ ടീമിന്റെ സൗഹൃദ മത്സരങ്ങൾക്ക് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു നൽകും. അർജന്റീനയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് യൂറോപ്യൻ ക്ലബുകൾ എടുക്കുന്ന ഈ തീരുമാനം. മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമെ റയൽ മാഡ്രിഡ്, ബ്രൈറ്റൻ എന്നീ ക്ലബുകളും തങ്ങളുടെ അർജന്റീന യുവതാരങ്ങളെ വിട്ടുകൊടുക്കാനുള്ള സാധ്യത കുറവാണ്.
Man Utd Wont Let Alejandro Garnacho To Play U20 World Cup