അർജന്റീനക്കായി കഴിഞ്ഞ മത്സരത്തിൽ ഗോൾ, അതിനു പിന്നാലെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്
അർജന്റീനക്കായി കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ മധ്യനിര താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. സൗത്ത് അമേരിക്കൻ U20 ചാമ്പ്യൻഷിപ്പിൽ പരാഗ്വയുമായി നടന്ന മത്സരത്തിൽ അർജന്റീനയുടെ ഒരേയൊരു ഗോൾ നേടിയ മാക്സിമ പെറോൺ ആണ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. മത്സരത്തിൽ അർജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയെങ്കിലും പെറോണിന്റെ പ്രകടനം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
അർജന്റീനിയൻ ക്ലബായ വെലസ് സാർസ്ഫീൽഡിന്റെ താരമാണ് മാക്സിമ പെറോൺ. ക്ലബിന്റെ യൂത്ത് ടീമിലൂടെ ഉയർന്നു വന്ന താരം കഴിഞ്ഞ വർഷമാണ് സീനിയർ ടീമിൽ ഇടം പിടിച്ചത്. ഇരുപതു വയസുള്ള താരം അഞ്ചര വർഷത്തെ കരാറിലാണ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുകയെന്നു റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു. പത്തു മില്യൺ യൂറോയോളം അർജന്റീനിയൻ താരത്തിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കും.
സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പ് കഴിഞ്ഞതിനു ശേഷം പെറോൺ മാഞ്ചസ്റ്റർ സിറ്റി ടീമിനൊപ്പം ചേരും. വേലസിനായി മുപ്പത്തിമൂന്നു മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. അർജന്റീന അണ്ടർ 20 ടീമിനായി മൂന്നു മത്സരങ്ങൾ കളിച്ചിട്ടുള്ള താരം പക്ഷെ മാഞ്ചസ്റ്റർ സിറ്റി സീനിയർ ടീമിനെ ഈ സീസണിലെ പ്രതിനിധീകരിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
One more Argentinian going to join Mancity next month, Maximo Perrone. Yesterday he scored this goal.pic.twitter.com/8L0ud72trC
— Amit 🤟🏼 (@meamitshuklaa) January 22, 2023
ഡിഫൻസീവ് മിഡ്ഫീൽഡ് പൊസിഷനിൽ കളിക്കുന്ന പെറോണിനെ കാൽവിൻ ഫിലിപ്സിന്റെ മോശം ഫോം കണക്കാക്കിയാണ് മാഞ്ചസ്റ്റർ സിറ്റി ടീമിന്റെ ഭാഗമാക്കിയതെന്നു വേണം കരുതാൻ. ഇതിനു പുറമെ ജർമൻ താരം ഗുൻഡോഗൻ അടുത്ത സീസണിൽ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനാൽ മധ്യനിരയെ ശക്തിപ്പെടുത്തേണ്ടത് സിറ്റിക്ക് അനിവാര്യമായ കാര്യമാണ്.