ഐഎസ്എല്ലിൽ നിന്നും യൂറോപ്യൻ ലീഗിലേക്ക്, മാർകോ ലെസ്‌കോവിച്ചിനു പുതിയ ക്ലബായി

ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസൺ മുതൽ ടീമിനൊപ്പമുണ്ടായിരുന്ന ഡിഫൻഡർ മാർകോ ലെസ്‌കോവിച്ച് കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ക്ലബ് വിടാൻ തീരുമാനിച്ചിരുന്നു. മൂന്നു വർഷം ക്ലബിനൊപ്പം തുടർന്ന് മികച്ച പ്രകടനം നടത്തി ആരാധകരുടെ പ്രിയങ്കരനായി മാറിയതിനു ശേഷമാണ് ലെസ്‌കോവിച്ച് ക്ലബ് വിടാൻ തീരുമാനിച്ചത്.

ബ്ലാസ്റ്റേഴ്‌സിനൊപ്പം മൂന്നു വർഷത്തെ കരിയർ അവസാനിപ്പിച്ച ലെസ്‌കോവിച്ച് പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൊയേഷ്യയിലെ ഫാസ്റ്റ് ഡിവിഷൻ ലീഗിലെ ക്ലബായ എൻകെ സ്ലാവൻ ബെലോപോയുമായി താരം രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ക്രൊയേഷ്യയിലെ കോപ്രിവ്നിക്ക നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്ലബാണ് സ്ലാവൻ ബെലോപേ. നിരവധി തവണ യുവേഫ ടൂർണമെന്റുകളിൽ പങ്കെടുത്ത ചരിത്രമുള്ള ക്ലബാണിത്. എന്നാൽ കഴിഞ്ഞ സീസണിൽ മോശം പ്രകടനമാണ് നടത്തിയത്. പത്ത് ടീമുകൾ മത്സരിക്കുന്ന ലീഗിൽ ഒൻപതാം സ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്‌തത്‌.

നേരിയ വ്യത്യാസത്തിന് തരം താഴ്ത്തൽ ഒഴിവാക്കിയ ക്ലബ് അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ലെസ്‌കോവിച്ചിനെ എത്തിക്കാനൊരുങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയിരുന്ന ലെസ്‌കോവിച്ചിന്റെ പരിചയസമ്പത്ത് അവർക്ക് അടുത്ത സീസണിൽ കരുത്ത് നൽകുമെന്നതിൽ സംശയമില്ല.

ലെസ്‌കോവിച്ചിന് പുതിയ കരാർ നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറായിരുന്നുവെന്നാണ് ലഭ്യമായ വിവരങ്ങൾ. എന്നാൽ ഇന്ത്യയിൽ തുടരാൻ താൽപര്യമില്ലാതിരുന്ന താരം തന്റെ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോവുകയായിരുന്നു. എന്തായാലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയത്തിൽ വലിയൊരു സ്ഥാനം നേടിയെടുത്തതിന് ശേഷമാണ് താരം ക്ലബ് വിടാനുള്ള തീരുമാനമെടുത്തത്.