പുറത്തു പോകുന്നത് ആരെന്ന കാര്യത്തിൽ തീരുമാനമായി, മാർകോ ലെസ്‌കോവിച്ച് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ഉണ്ടാകില്ല | Marko Leskovic

കഴിഞ്ഞ ദിവസമാണ് എഫ്‌സി ഗോവയുടെ മൊറോക്കൻ താരമായ നോവ സദൂയിയെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ഈ സീസണോടെ എഫ്‌സി ഗോവയുമായുള്ള കരാർ അവസാനിക്കുന്ന താരം അത് പുതുക്കാൻ താൽപര്യപ്പെടുന്നില്ല. ഇത് മുതലെടുത്താണ് ബ്ലാസ്റ്റേഴ്‌സ് മുപ്പതുകാരന് വേണ്ടി ശ്രമം നടത്തുന്നത്.

സദൂയി ബ്ലാസ്റ്റേഴ്‌സിലേക്ക് വരികയാണെങ്കിൽ ഏതു വിദേശതാരമാകും ടീം വിടുകയെന്ന ചോദ്യം അതിനൊപ്പം ഉയർന്നു വന്നിരുന്നു. അഡ്രിയാൻ ലൂണ, ദിമിത്രിയോസ് തുടങ്ങിയ താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കുന്നതാണ് ആരാധകരുടെ ആശങ്കക്ക് കാരണമായത്. എന്നാൽ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഏതു താരമാണ് ടീം വിടുകയെന്നതിനെ സംബന്ധിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ ക്രൊയേഷ്യൻ പ്രതിരോധനിര താരമായ മാർകോ ലെസ്‌കോവിച്ച് അടുത്ത സീസണിൽ ടീമിനൊപ്പമുണ്ടാകില്ല. ഈ സീസണോടെ ലെസ്‌കോവിച്ചിന്റെ ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിക്കാൻ പോവുകയാണ്. അത് പുതുക്കാൻ ക്ലബിന് താത്പര്യമില്ലെന്നും അതിനാൽ ഇത് താരത്തിന്റെ അവസാന സീസൺ ആകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മൂന്ന് വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള മാർകോ ലെസ്‌കോവിച്ചിന് പരിക്കുകളാണ് തിരിച്ചടി നൽകിയതെന്നാണ് കരുതേണ്ടത്. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസൺ മുതൽ ടീമിന്റെ പ്രധാനിയായിരുന്നെങ്കിലും നിലവിൽ പരിക്കേറ്റു പുറത്താണ് താരം. മിലോസിന്റെ വരവോടെ ലെസ്‌കോവിച്ചിന്റെ സ്ഥാനത്തിന് ഇളക്കം തട്ടുകയും ചെയ്‌തിരുന്നു.

മൂന്നു വർഷമായി ടീമിനൊപ്പമുള്ള പരിചയസമ്പന്നനായ ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകുന്നത്. അതിനു പുറമെ ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരിലൊരാൾ കൂടിയാണ് ലെസ്‌കോ. എന്നാൽ ടീമിൽ മാറ്റങ്ങൾ വരേണ്ടത് അനിവാര്യമായതിനാൽ പലരും പുറത്തു പോകേണ്ടത് ആവശ്യമാണ്. ഈ മാറ്റം ടീമിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചു മുന്നോട്ടു പോകാം.

Marko Leskovic To Leave Kerala Blasters After This Season