പിഎസ്‌ജിയിൽ മെസി കളിയേറ്റെടുത്തപ്പോൾ എംബാപ്പയുടെ മൂല്യമിടിഞ്ഞു, ലോകത്തിലെ ഏറ്റവും മൂല്യമേറിയ കളിക്കാരൻ ഫ്രഞ്ച് താരമല്ല

വളരെ ചെറുപ്പത്തിൽ തന്നെ ഫുട്ബോൾ ലോകത്തിലെ സൂപ്പർതാരമായി മാറുമെന്ന് തെളിയിച്ച കളിക്കാരനാണ് കിലിയൻ എംബാപ്പെ. ഓരോ സീസണിലും മികച്ച പ്രകടനം നടത്തി അതിൽ മുന്നോട്ടു പോകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ താരമായും ഇതിനിടയിൽ എംബാപ്പെ മാറി. എന്നാൽ ആ സ്ഥാനം ഇപ്പോൾ നഷ്‌ടമായെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ 170 മില്യൺ യൂറോയാണ് പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർമാർക്കറ്റ് താരത്തിന്റെ മൂല്യമായി കണക്കാക്കിയിരുന്നത്. എന്നാലിപ്പോൾ ഇരുപത്തിമൂന്നു വയസുള്ള താരത്തിന്റെ മൂല്യം 160 മില്യൺ യൂറോയായി കുറഞ്ഞു. അതേസമയം മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന എർലിങ് ഹാലൻഡ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. നോർവീജിയൻ താരത്തിന്റെ മൂല്യം 156 മില്യൺ യൂറോയിൽ നിന്നും 170 ആയി വർധിച്ചിട്ടുണ്ട്.

ഈ സീസണിൽ നടത്തുന്ന വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് എർലിങ് ഹാലൻഡ് മൂല്യമേറിയ ഫുട്ബോൾ താരങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് വരാൻ കാരണമായത്. ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും സമ്മർ ജാലകത്തിൽ സിറ്റിയിലേക്ക് ചേക്കേറിയ താരം ഇതുവരെ പതിനേഴു ഗോളുകൾ ലീഗിൽ നേടിക്കഴിഞ്ഞു. സീസൺ പകുതി പോലുമാകാത്ത സാഹചര്യത്തിലാണ് ഇത്രയും ഗോളുകൾ ഹാലാൻഡ് അടിച്ചു കൂട്ടിയിരിക്കുന്നത്. ഇതിനു പുറമെ ചാമ്പ്യൻസ് ലീഗിലും താരം അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്.

എംബാപ്പയും ഈ സീസണിൽ മികച്ച ഫോമിലാണെങ്കിലും ഹാലൻഡിനോളം ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയുന്നില്ല. സഹതാരം ലയണൽ മെസി മികച്ച പ്രകടനം നടത്തുന്നതു കൊണ്ട് ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും മെസിയിലേക്കാണ് പോകുന്നത്. അതേസമയം ഈ രണ്ടു താരങ്ങൾക്കും ചെറിയ പ്രായമാണെന്നതിനാൽ അവരുടെ മൂല്യം ഉയർത്താൻ ഇനിയും അവസരമുണ്ട്.