മെസിയുമായുള്ള അപാരമായ ഒത്തിണക്കം, കൂടുതൽ അസിസ്റ്റുകൾ; ലോ സെൽസോയുടെ നഷ്‌ടം അർജന്റീനക്ക് നികത്താനാകുമോ

ഖത്തർ ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ അർജന്റീന വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് അത്‌ലറ്റിക് ക്ലബിനെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ വിയ്യാറയൽ താരം ജിയോവാനി ലൊ സെൽസോക്ക് ലോകകപ്പ് നഷ്‌ടമാകുമെന്നാണ് നിലവിലെ സൂചനകൾ. പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നും അങ്ങിനെയാണെങ്കിൽ എട്ടാഴ്‌ച പുറത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ലയണൽ സ്‌കലോണി പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം മധ്യനിരയിൽ സ്ഥിരസാന്നിധ്യമായ കളിക്കാരനാണ് ജിയോവാനി ലൊ സെൽസോ. വിയ്യാറയലിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനും താരമായിരുന്നു. അതുകൊണ്ടു തന്നെ താരത്തിന്റെ അസാന്നിധ്യം അർജന്റീന ടീമിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി സൃഷ്‌ടിക്കും. സ്‌കലോണിയുടെ അർജന്റീന ടീമിലെ പദ്ധതികളിൽ മെസിയുമായി ഏറ്റവും കണക്റ്റ് ചെയ്‌ത്‌ കളിക്കുന്ന താരവും ലൊ സെൽസോയാണ്.

സ്‌കലോണി പരിശീലകനായതിനു ശേഷം മെസിക്ക് ഏറ്റവുമധികം പാസുകൾ നൽകിയ അർജന്റീന താരം ലൊ സെൽസോയാണ്. 193 പാസുകൾ താരം നൽകിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ലിയാൻഡ്രോ പരഡെസ് നൽകിയിരിക്കുന്നത് 124 പാസുകളാണ്. 96 പാസുകൾ നൽകിയ ടാഗ്ലിയാഫിക്കോ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഡി പോൾ ഓട്ടമെൻഡി എന്നിവർ അതിനു പിന്നിലാണ്. പാസുകൾക്ക് പുറമെ സ്‌കലോണിയുടെ അർജന്റീന ടീമിൽ ഏറ്റവുമധികം അസിസ്റ്റുകളും ലൊ സെൽസോയുടെ പേരിലാണ്. ഏഴ് അസിസ്റ്റുകൾ താരം നേടിയിട്ടുണ്ട്.

ചെറിയ പരിക്കെങ്കിലുമുണ്ടെങ്കിൽ ഒരു കളിക്കാരനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തില്ലെന്ന് സ്‌കലോണി വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ ശസ്ത്രക്രിയ ഒഴിവാക്കി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമമാകും ലൊ സെൽസോ നടത്താൻ സാധ്യതയുള്ളത്. എന്നാൽ അതിനു താരത്തിന് കഴിഞ്ഞില്ലെങ്കിൽ അർജന്റീനക്കാത് ക്ഷീണമാകും. ലോകകപ്പിന് പുതിയ പദ്ധതികൾ സ്‌കലോണി ആവിഷ്‌കരിക്കേണ്ടി വരികയും ചെയ്യും.