വൈറലായ മെസിയും നെയ്‌മറും ഇനിയുണ്ടാകില്ല, പുള്ളാവൂരിലെ കട്ടൗട്ടുകൾ നീക്കം ചെയ്യണം

ഫുട്ബോൾ ലോകകപ്പിന്റെ ഭാഗമായി അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ നീക്കം ചെയ്യേണ്ടി വരും. കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് ചാത്തമംഗലം പഞ്ചായത്താണ് അറിയിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്ത് കട്ടൗട്ടുകൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം നൽകിയത്.

എത്രയും വേഗത്തിൽ കട്ടൗട്ടുകൾ എടുത്തു മാറ്റണമെന്ന് ബ്രസീൽ, അർജന്റീന ആരാധകരോട് പഞ്ചായത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്. പുഴ മലിനപ്പെടുമെന്ന കാരണം പറഞ്ഞ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തത്. രണ്ടു കട്ടൗട്ടുകളും സോഷ്യൽ മീഡിയ വഴി ആഗോള തലത്തിൽ വൈറലായി മാറിയിരുന്നു.

ആദ്യം മുപ്പതടി വലിപ്പത്തിൽ മെസിയുടെ കട്ടൗട്ട് പുഴയുടെ നടുവിൽ അർജന്റീന ആരാധകരാണ് സ്ഥാപിച്ചത്. ഇത് ആഗോള തലത്തിൽ പ്രമുഖ മാധ്യമങ്ങളിൽ എല്ലാം വന്നിരുന്നു. മെസിയുടെ രാജ്യമായ അർജന്റീനയിലെ പല മാധ്യമങ്ങളും ഇതു ഷെയർ ചെയ്യുകയുണ്ടായി. ഇതിനു പിന്നാലെയാണ് നാൽപ്പതടി  നെയ്‌മറുടെ കട്ടൗട്ട് ബ്രസീൽ ആരാധകർ പുഴയുടെ വശത്ത് സ്ഥാപിച്ചത്.

കട്ടൗട്ട് നീക്കാനുള്ള തീരുമാനം ഫുട്ബോൾ ആരാധകർക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുമെന്നുറപ്പാണ്. നാല് വർഷത്തിലൊരിക്കൽ വരുന്ന ഫുട്ബോൾ ലോകകപ്പിനെ വളരെ ആവേശത്തോടെ സ്വീകരിക്കുന്നവരാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ. കട്ടൗട്ടുകൾക്ക് പുറമെ ഫ്‌ളെക്‌സുകളും കൊടിതോരണങ്ങളും അവർ തങ്ങളുടെ പ്രിയപ്പെട്ട ടീമിനെ പിന്തുണക്കാൻ വേണ്ടി ഉയർത്താറുണ്ട്.