ലയണൽ മെസിക്ക് പരിക്ക്, താരം കളിക്കില്ലെന്നു സ്ഥിരീകരിച്ച് പിഎസ്‌ജി

ലോകകപ്പ് ആരംഭിക്കാൻ ഇനി ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ അർജന്റീന ആരാധകരുടെ നെഞ്ചിടിപ്പേറ്റി ലയണൽ മെസിക്ക് പരിക്ക്. പരിക്കു മൂലം നാളെ നടക്കാനിരിക്കുന്ന പിഎസ്‌ജിയുടെ മത്സരത്തിൽ താരം കളിക്കില്ലെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ലോകകപ്പ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനെ ഇതു ബാധിക്കില്ലെന്നുമാണ് വിവരങ്ങൾ.

ഈ വാരാന്ത്യത്തിലെ മത്സരങ്ങൾ മെസിക്ക് നഷ്‌ടമായാലും താരം അടുത്ത വാരത്തിൽ പരിശീലനം പുനരാരംഭിക്കുമെന്ന് പ്രസ്‌താവന വ്യക്തമാക്കുന്നു. ആക്കില്ലെസ് ഇഞ്ചുറി താരത്തിനുണ്ടെങ്കിലും മുൻകരുതലിന്റെ ഭാഗമായി കൂടിയാണ് അടുത്ത മത്സരത്തിൽ നിന്നും താരത്തെ ഒഴിവാക്കാൻ പിഎസ്‌ജി തീരുമാനിച്ചത്. ലോറിയറിന്റിനെതിരെ ഫ്രഞ്ച് ലീഗ് മത്സരത്തിനാണ് പിഎസ്‌ജി നാളെ ഇറങ്ങുന്നത്.

യുവന്റസിനെതിരെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സത്തിൽ മുഴുവൻ സമയവും ലയണൽ മെസി കളിച്ചിരുന്നു. ഇനി രണ്ടു മത്സരങ്ങൾ കൂടിയാണ് പിഎസ്‌ജി ലോകകപ്പിനു മുൻപ് കളിക്കാനുള്ളത്. ഇതിൽ ഓക്‌സീറിനെതിരെ നടക്കുന്ന മത്സരത്തിൽ നിന്നും താരം വിട്ടു നിൽക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതോടെ ലോകകപ്പിന് മുൻപ് പിഎസ്‌ജിക്കു വേണ്ടി മെസി കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ലോകകപ്പിനു മുൻപുള്ള അവസാനത്തെ മത്സരത്തിൽ മെസി കളിക്കുന്നില്ലെങ്കിൽ താരം നേരത്തെ തന്നെ അർജന്റീന ക്യാംപിൽ ചേരാനുള്ള സാധ്യതയുണ്ട്. ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ലയണൽ മെസിയെ കേന്ദ്രീകരിച്ചാണ് അർജന്റീനയുടെ പദ്ധതികൾ. മുപ്പത്തിയഞ്ചു വയസായ മെസിക്ക് ഇത് അവസാനത്തെ ലോകകപ്പായിരിക്കാൻ എല്ലാ സാധ്യതയുമുണ്ട്. അതിൽ താരം കിരീടം കിരീടം നേടണമെന്ന് തന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്.