ഖത്തർ ലോകകപ്പ് നഷ്‌ടമാകുന്ന വമ്പൻ താരങ്ങളുടെ പട്ടികയിലേക്ക് ഒരാൾ കൂടി, ചെൽസി താരവും ലോകകപ്പിനുണ്ടാകില്ല

ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ടിനു കനത്ത തിരിച്ചടി നൽകി ചെൽസിയുടെ ഇംഗ്ലീഷ് ലെഫ്റ്റ് ബാക്കായ ബെൻ ചിൽവെല്ലിനു ടൂർണമെന്റ് നഷ്‌ടമാകും. ഡൈനാമോ സാഗ്രബിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലേറ്റ പരിക്കാണ് താരത്തിന് ലോകകപ്പ് നഷ്‌ടമാക്കിയത്. ഹാംസ്ട്രിങ് ഇഞ്ചുറിയാണ് ചിൽവെല്ലിനുണ്ടായതെന്നും താരം ലോകകപ്പിൽ കളിക്കില്ലെന്നും ചെൽസി അൽപ്പസമയം മുൻപ് സ്ഥിരീകരിച്ചു.

ഡൈനാമോ സാഗ്രബിനെതിരായ മത്സരത്തിൽ മുഴുവൻ സമയവും കളിച്ച താരം മികച്ച പ്രകടനമാണ് നടത്തിയത്. ചെൽസി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടി ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടർ ഫൈനലിൽ എത്തിയ മത്സരത്തിന്റെ അവസാന മിനുട്ടുകളിലാണ് താരത്തിന് പരിക്കേറ്റത്. അതിനു ശേഷം പരിശോധനകൾ നടത്തിയ ചെൽസി താരത്തിന് ലോകകപ്പ് നഷ്‌ടപെടുമെന്ന് വ്യക്തമാക്കി. തന്റെ സ്വപ്‌നമായ ലോകകപ്പ് നഷ്‌ടമാകുന്നതിന്റെ നിരാശ താരവും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.

ചിൽവെല്ലും ലൂക്ക് ഷായുമാണ് ഇംഗ്ലണ്ടിന്റെ ഫസ്റ്റ് ചോയ്‌സ് ഫുൾ ബാക്ക് സ്ഥാനത്തിനായി മത്സരത്തിലുണ്ടായിരുന്ന കളിക്കാർ. ചെൽസി താരത്തിന് പരിക്കേറ്റതോടെ ന്യൂകാസിൽ യുണൈറ്റഡിന്റെ റൈറ്റ് ബാക്കായ കീറൻ ട്രിപ്പിയറായിരിക്കും ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. പ്രധാന പൊസിഷൻ റൈറ്റ് ബാക്കാണെങ്കിലും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിയുന്ന താരമാണ് ട്രിപ്പിയർ. അതിനു പുറമെ ഗാരെത് സൗത്ത്‌ഗേറ്റിന്റെ വിശ്വസ്‌തനുമാണ് താരം.

നിലവിൽ തന്നെ നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലുള്ള ഇംഗ്ലണ്ടിനെ സംബന്ധിച്ച് താരത്തിന്റെ പരിക്ക് വലിയ തിരിച്ചടിയാണ്. ചെൽസിയുടെ ഇംഗ്ലീഷ് റൈറ്റ് ബാക്കായ റീസ് ജെയിംസും നിലവിൽ പരിക്കിന്റെ പിടിയിലാണ്. താരത്തിനും ലോകകപ്പ് നഷ്‌ടമാകും എന്നു തന്നെയാണ് നിലവിലെ സൂചനകൾ. ഇതിനു പുറമെ മാഞ്ചസ്റ്റർ സിറ്റിയുടെ കെയ്ൽ വാക്കർ, കാൽവിൻ ഫിലിപ്‌സ് എന്നീ താരങ്ങളും പരിക്കിന്റെ പിടിയിലാണ്.

കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ അത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഖത്തർ ലോകകപ്പിൽ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. കഴിഞ്ഞ യൂറോ കപ്പിൽ അവർ ഫൈനൽ വരെയെത്തി ഇറ്റലിയോട് കീഴടങ്ങിയിരുന്നു. പിഴവുകൾ തിരുത്തി ലോകകപ്പിന് മികച്ച തിരിച്ചു വരവ് നടത്താൻ തയ്യാറെടുത്തു കൊണ്ടിരിക്കെയാണ് തുടർച്ചയായ പരിക്കുകൾ അവർക്ക് തിരിച്ചടി നൽകുന്നത്.