“ഞാൻ ഇവിടെയാണ് ജനിച്ചത്, ഇവിടെ മരിക്കുകയും ചെയ്യും”- വൈകാരികമായ വിടവാങ്ങലുമായി ജെറാർഡ് പിക്കെ

അൽമേരിയക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിനു ശേഷം ബാഴ്‌സലോണയോടും ഫുട്ബോൾ കരിയറിനോടും വൈകാരികമായി വിട പറഞ്ഞ് ജെറാർഡ് പീക്കെ. കഴിഞ്ഞ ദിവസമാണ് ഫുട്ബോൾ ആരാധകരെ മുഴുവൻ അമ്പരപ്പിച്ച് ജെറാർഡ് പീക്കെ താൻ ഫുട്ബോൾ കരിയറിന് അവസാനം കുറിക്കുകയാണെന്നു വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് നിരവധി വർഷങ്ങൾ നീണ്ട തന്റെ കരിയർ അൽമേരിയക്കെതിരെയുള്ള മത്സരത്തിനു ശേഷം തിരശീലയിടാൻ പോവുന്നുവെന്ന് താരം അറിയിച്ചത്.

മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ സ്‌പാനിഷ്‌ താരം എൺപത്തിയഞ്ചു മിനുട്ടാണ് കളത്തിലുണ്ടായിരുന്നത്. 2008 മുതൽ ബാഴ്‌സലോണ സീനിയർ ടീമിന്റെ ഭാഗമായ താരത്തിന്റെ അവസാനത്തെ മത്സരത്തിനായി 92000 കാണികളാണ് ക്യാമ്പ് നൂവിൽ എത്തിയിരുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ താരത്തിനായി കാണികൾ ആർത്തു വിളിക്കുകയും ചെയ്‌തു. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബാഴ്‌സ വിജയം നേടിയിരുന്നു.

മത്സരത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്ന് പീക്കെ പറഞ്ഞു. ഒരുപാട് നാളത്തെ സ്നേഹബന്ധത്തിനു ശേഷം വിടപറയാൻ ഇപ്പോൾ സമയമായി എന്നും താൻ ബാഴ്‌സയിലേക്ക് തന്നെ ഭാവിയിൽ തിരിച്ചു വരുമെന്നുമാണ് താരം പറഞ്ഞത്. ഇതൊരിക്കലും ഒരു വിടവാങ്ങലല്ലെന്നും താൻ ജനിച്ചതും മരിക്കാൻ പോകുന്നതും ബാഴ്‌സലോണയിലാണെന്നും താരം വെളിപ്പെടുത്തി.

ഫുട്ബോൾ ലോകത്ത് സാധ്യമായ കിരീടങ്ങളെല്ലാം നേടിയ ജെറാർഡ് പീക്കെ ബാഴ്‌സലോണക്കൊപ്പം എട്ടു ലാ ലിഗയും മൂന്നു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി. സ്പെയിൻ ടീമിനൊപ്പം ലോകകപ്പും യൂറോ കപ്പും നേടാനും താരത്തിനായി. ഈ സീസണിൽ സാവിക്കു കീഴിൽ അവസരങ്ങൾ കുറഞ്ഞതും മോശം പ്രകടനത്തെ തുടർന്ന് ആരാധകർ വിമർശനങ്ങൾ നടത്താനാരംഭിച്ചതുമാണ് പിക്കെ പെട്ടന്ന് ക്ലബ് വിടാനുണ്ടായ തീരുമാനത്തിനു പിന്നിലെ കാരണമെന്നാണ് കരുതേണ്ടത്.