വിജയം നേടാൻ നിർണായകമായത് ആദ്യപകുതിക്ക് ശേഷം നടത്തിയ ടീം മീറ്റിങ്, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയത്തിൽ നിർണായകമായത് ആദ്യ പകുതിക്ക് ശേഷം നടത്തിയ ടീം മീറ്റിങ്ങാണെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ആദ്യ പകുതിയിൽ രണ്ടു ടീമുകളും ഒരു ഗോൾ നേടാൻ പോലും കഴിയാതെ സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളുകൾ നേടിയിരുന്നു. ഡയമെന്റക്കോസിന്റെ ഗോളും സഹലിന്റെ ഇരട്ടഗോളുകളുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്.

“മത്സരത്തിനു മുൻപു തന്നെ അത് കടുപ്പമേറിയ ഒന്നാകുമെന്ന് അറിയാമായിരുന്നു. നൂറു ശതമാനം ശ്രദ്ധയോടെ ഇത്തരം മത്സരങ്ങളെ സമീപിച്ചില്ലെങ്കിൽ നിങ്ങൾ ബുദ്ധിമുട്ടും. ആദ്യ പകുതിക്ക് ശേഷം ഞങ്ങൾ ടീം മീറ്റിങ് നടത്തി എങ്ങിനെയാകണം എന്നു പറഞ്ഞിരുന്നു. എല്ലാം പദ്ധതിയിട്ടതു പോലെത്തന്നെ നടന്നു. മത്സരഫലം അത് വ്യക്തമാക്കുന്നു.” വുകോമനോവിച്ച് മത്സരത്തിനു ശേഷം പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏതു ടീമും ഏതു ടീമിനെയും തോൽപ്പിക്കുമെന്നും അതൊരു മനോഹരമായ കാര്യമാണെന്നും വുകോമനോവിച്ച് പറഞ്ഞു. കടുപ്പമേറിയ എവേ മത്സരത്തിൽ എതിരാളികളും അവസരങ്ങൾ ഉണ്ടാക്കിയെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അവർക്കത് കൃത്യമായി മുതലെടുക്കാൻ കഴിയാതിരുന്നതാണ് ടീമിന്റെ വിജയത്തിന് സഹായിച്ചതെന്നും മത്സരഫലത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിന്റെ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന സഹൽ പകരക്കാരനായി ഇറങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രണ്ടു ഗോളുകൾ നേടിയത്. താരത്തിന്റെ പ്രകടനത്തെയും പരിശീലകൻ പ്രശംസിച്ചു. രണ്ടാം പകുതിയിൽ സഹലിനെ കളത്തിലിറക്കിയതടക്കമുള്ള തന്ത്രങ്ങളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ കിടക്കുന്ന ടീമിനെതിരെയാണ് വിജയം നേടിയതെങ്കിലും തുടർച്ചയായ തോൽവികൾ ഏറ്റു വാങ്ങിയ ടീമിന് ഇത് ആത്മവിശ്വാസം നല്കുമെന്നതിൽ സംശയമില്ല.