അത്ഭുതഗോൾ നേടിയിട്ടും വിനയം കൈവിടാതെ മെസി, അരങ്ങേറ്റത്തിലെ ഫ്രീകിക്കിനെക്കുറിച്ച് താരം പറയുന്നു | Messi

അമേരിക്കൻ ലീഗിലേക്കുള്ള തന്റെ ആദ്യത്തെ ചുവടുവെപ്പ് ഏറ്റവും മനോഹരമായ രീതിയിലാണ് മെസി നടത്തിയത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന ലീഗ് കപ്പ് മത്സരത്തിൽ ഇന്റർ മിയാമിക്കായി അരങ്ങേറ്റം കുറിച്ച ലയണൽ മെസി മികച്ച പ്രകടനം നടത്തുകയും ടീമിന്റെ വിജയഗോൾ നേടുകയും ചെയ്‌തു. മത്സരത്തിൽ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന ലയണൽ മെസി രണ്ടാം പകുതിയിൽ കളത്തിലിറങ്ങി മുപ്പത്തിയഞ്ചു മിനുട്ടോളമാണ് കളിച്ചത്.

മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ നിൽക്കുമ്പോഴാണ് ഇഞ്ചുറി ടൈമിൽ മെസിയുടെ ഗോൾ പിറക്കുന്നത്. ബോക്‌സിന് പുറത്തു തന്നെ വീഴ്ത്തിയതിന് റഫറി അനുവദിച്ച ഫ്രീ കിക്ക് എടുത്ത മെസി എതിരാളികളായ ക്രൂസ് അസൂലിന്റെ ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിലേക്ക് എത്തിക്കുകയായിരുന്നു. മികച്ച ഫ്രീ കിക്കുകൾ എടുക്കുന്നത് പതിവാക്കിയ മെസി മറ്റൊരു ഫ്രീകിക്ക് ഗോളിലൂടെ തന്നെ ഇന്റർ മിയാമി യുഗം ആരംഭിച്ചു.

മത്സരത്തിന് ശേഷം തന്റെ ഗോളിനെക്കുറിച്ച് സംസാരിക്കുമ്പോൾ അതൊരു ഭാഗ്യമാണെന്ന രീതിയിൽ വിനയം ഒട്ടും കൈവിടാതെയാണ് മെസി പ്രതികരിച്ചത്. “അവസാനനിമിഷം നേടിയ വിജയഗോൾ? എല്ലായിപ്പോഴും ചെയ്യുന്നതു പോലെ ഞാനാ ഫ്രീ കിക്ക് ഷോട്ട് ഒന്നു ശ്രമിച്ചു നോക്കിയതായിരുന്നു. എന്റെ ഭാഗ്യം കൊണ്ടത് ഗോളായി മാറി. എനിക്കതിൽ വളരെയധികം സന്തോഷമുണ്ട്.” മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലയണൽ മെസി പറഞ്ഞു.

ഒരു ഗോളിന് പുറമെ മെസിയുടെ നിരവധി മനോഹരമായ നിമിഷങ്ങൾ മത്സരത്തിൽ ഉണ്ടായിരുന്നു. താരം കളിക്കളത്തിൽ ഇറങ്ങിയതിനു ശേഷം ഇന്റർ മിയാമി മുന്നേറ്റങ്ങളുടെ കടിഞ്ഞാൽ മെസിയുടെ കാലുകളിൽ ആയിരുന്നു. ഏതാനും അവസരങ്ങൾ തുറന്നെടുക്കാനും മെസിക്ക് കഴിഞ്ഞു. ജോർദി ആൽബ അടക്കമുള്ള താരങ്ങൾ എത്തുകയും കൂടുതൽ ഒത്തിണക്കം ടീമുമായി വരികയും ചെയ്‌താൽ ഇതിനേക്കാൾ മികച്ച പ്രകടനം മെസിയിൽ നിന്നും ഉണ്ടാകുമെന്ന് തീർച്ചയാണ്.

Lionel Messi About His Debut Goal For Inter Miami