മെസി എഴുന്നേറ്റു നിന്നു കയ്യടിച്ച ഗംഭീരഗോൾ മെസിയുടെ ഫ്രീകിക്കിൽ മുങ്ങിപ്പോയി, ഇന്റർ മിയാമിയുടെ ആദ്യഗോളും സൂപ്പറാണ് | Inter Miami

ഇന്റർ മിയാമിയും ക്രൂസ് അസൂലും തമ്മിൽ നടന്ന ലീഗ് കപ്പ് മത്സരം കഴിഞ്ഞപ്പോൾ ലയണൽ മെസിയാണ് ഫുട്ബോൾ ലോകത്തു നിറഞ്ഞു നിൽക്കുന്നത്. അർജന്റീന നായകൻറെ അമേരിക്കൻ ലീഗിലെ അരങ്ങേറ്റ മത്സരമെന്ന നിലയിൽ ഏവരും ശ്രദ്ധിച്ച ഈ പോരാട്ടത്തിൽ ഇന്റർ മിയാമിയുടെ വിജയഗോൾ മെസിയുടെ വകയായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിലൂടെ നേടിയ ഗോളിൽ ടീമിന് വിജയം നേടിക്കൊടുത്തതോടെ മെസിക്ക് വീരപരിവേഷമാണ് കൈവന്നിരിക്കുന്നത്.

മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം നേടിയത്. ആദ്യപകുതിയിൽ റോബർട്ട് ടെയ്‌ലർ ടീമിനായി ഒരു ഗോൾ നേടിയിരുന്നു. പിന്നീട് രണ്ടാം പകുതിയിൽ ക്രൂസ് അസൂൽ സമനില ഗോൾ നേടുമെങ്കിലും ലയണൽ മെസിയുടെ ഫ്രീ കിക്ക് ഇന്റർ മിയാമിക്ക് വിജയം നൽകി. അതേസമയം മെസിയുടെ ഫ്രീ കിക്ക് ഗോളോടെ റോബർട്ട് ടെയ്‌ലർ നേടിയ ആദ്യത്തെ ഗോൾ അധികമൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെന്നതാണ് വസ്‌തുത.

ഗംഭീരഗോളാണ് ടെയ്‌ലർ നേടിയത്. ഇടതുവിങ്ങിൽ നിന്നും പന്തുമായി വന്ന താരം രണ്ടു എതിർടീം താരങ്ങളെ വെട്ടിയൊഴിഞ്ഞു മുന്നേറിയതിനു ശേഷം ബോക്‌സിന്റെ എഡ്‌ജിൽ നിന്നും ഉതിർത്ത കനത്ത ഷോട്ട് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലക്കകത്തേക്ക് കയറുകയായിരുന്നു. താരത്തിന്റെ ഗോൾ പിറക്കുമ്പോൾ ബെഞ്ചിൽ ഇരിക്കുകയായിരുന്ന മെസി ചാടിയെണീറ്റ് കയ്യടിച്ചാണ് തന്റെ അഭിനന്ദനവും ആഹ്ലാദവും പ്രകടിപ്പിച്ചത്.

ഫിൻലൻഡ്‌ സ്വദേശിയായ ഇരുപത്തിയെട്ടുകാരനായ താരമാണ് റോബർട്ട് ടെയ്‌ലർ. 2022 ഫെബ്രുവരിയിൽ ഇന്റർ മിയാമിയിലെത്തിയ മധ്യനിരതാരം ഈ സീസണിൽ പത്തൊൻപതു ലീഗ് മത്സരങ്ങൾ കളിച്ചു. മധ്യനിരയിൽ കളിക്കുന്ന താരത്തിന് രണ്ടു ഗോളും മൂന്ന് അസിസ്റ്റുമാണ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്. ലയണൽ മെസി കയ്യടിച്ച ഗോൾ നേടിയ താരത്തിന് മെസിക്കൊപ്പം ഒത്തിണങ്ങി കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Messi Applaud Robert Taylor Goal For Inter Miami