അർജന്റീന താരത്തിന്റെ കിടിലൻ ഗോൾ, ഡബിൾ അസിസ്റ്റുമായി മെസി; വമ്പന്മാർക്കെതിരെയും വിജയം തുടർന്ന് ഇന്റർ മിയാമി | Messi

ലോസ് ഏഞ്ചൽസ് എഫ്‌സിക്കെതിരെ നടന്ന ലീഗ് മത്സരത്തിലും വിജയം തുടർന്ന് ഇന്റർ മിയാമി. അൽപ്പ സമയം മുൻപ് അവസാനിച്ച മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയിച്ചത്. ലയണൽ മെസി രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയപ്പോൾ അർജന്റീന താരമായ ഫാക്കുണ്ടോ ഫാരിയാസും ജോർഡി ആൽബ, ലിയനാർഡോ കാമ്പാന എന്നിവരുമാണ് ഇന്റർ മിയാമിയുടെ ഗോളുകൾ നേടിയത്.റയാൻ ഹോളിങ്‌ഷെഡ് ലോസ് ഏഞ്ചൽസിന്റെ ആശ്വാസഗോൾ കുറിച്ചു.

ലോസ് ഏഞ്ചൽസ് എഫ്‌സിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ അവർക്കായിരുന്നു മുൻതൂക്കമെങ്കിലും കൃത്യമായ ഇടവേളകളിൽ ഗോളുകൾ കണ്ടെത്തി ഇന്റർ മിയാമി വിജയം സ്വന്തമാക്കുകയായിരുന്നു. പതിനാലാം മിനുട്ടിലാണ് ആദ്യത്തെ ഗോൾ വരുന്നത്. പ്രതിരോധതാരമായ തോമസ് ആവിലാസിന്റെ ഒരു ലോങ്ങ് പാസ് പിടിച്ചെടുത്ത അർജന്റീന താരമായ ഫാക്കുണ്ടോ ഫാരിയാസ് അതൊരു സ്ലൈഡിങ് ഷോട്ടിലൂടെ വലയിലെത്തിച്ചത് മത്സരം കണ്ടവർക്ക് അത്ഭുതമായിരുന്നു.

അതിനു ശേഷം രണ്ടാം പകുതിയിലാണ് ഇന്റർ മിയാമി രണ്ടാമത്തെ ഗോൾ കുറിക്കുന്നത്. മെസിയുടെ പാസിൽ നിന്നും ജോർദി ആൽബ ലക്‌ഷ്യം കണ്ടു. ഇതോടെ വിജയം ഉറപ്പിച്ച ഇന്റർ മിയാമി പിന്നീട് സാവധാനമാണ് കളിച്ചത്. എൺപത്തിമൂന്നാം മിനുട്ടിൽ ലയണൽ മെസിക്ക് ഗോൾ നേടാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അത് കാമ്പാനക്ക് പാസ് നൽകി താരം നേടിയ ഗോളിൽ ഇന്റർ മിയാമി ലീഡുയർത്തി. അതിനു ശേഷം ഇഞ്ചുറി ടൈമിൽ കാർലോസ് വേലയുടെ പാസിലാണ് ലോസ് ഏഞ്ചൽസ് എഫ്‌സി താരം ആശ്വാസഗോൾ നേടുന്നത്.

കാർലോസ് വെല, ജോർജിയോ കില്ലിനി തുടങ്ങിയ താരങ്ങൾ അണിനിരന്ന ലോസ് ഏഞ്ചൽസ് എഫ്‌സിക്കെതിരെയാണ് ഇന്റർ മിയാമി വിജയം നേടിയത്. ഇതോടെ ലീഗ് ടേബിളിലെ അവരുടെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചില്ലെങ്കിലും മുന്നേറാമെന്ന പ്രതീക്ഷ ടീമിനുണ്ട്. എംഎൽഎസ് കപ്പിന്റെ പ്ലേ ഓഫിൽ എത്തുന്നതിനു ഒൻപതാം സ്ഥാനത്തെങ്കിലും എത്തണമെന്നിരിക്കെ ഇനിയുള്ള ഓരോ മത്സരവും ഇന്റർ മിയാമിക്ക് വളരെ പ്രധാനമാണ്. അതേസമയം അടുത്ത മൂന്നു മത്സരങ്ങൾ ഇന്റർനാഷണൽ ബ്രേക്ക് കാരണം മെസിക്ക് നഷ്‌ടമായേക്കും.

Messi Double Assist Against Los Angels FC