അടുത്ത ലോകകപ്പിനു മുൻപ് മെസിയത് മനസിലാക്കും, താരം 2026 ലോകകപ്പ് കളിക്കില്ലെന്ന് കാർലോസ് ടെവസ് | Messi

ഖത്തർ ലോകകപ്പിലെ കിരീടനേട്ടത്തിനു ശേഷം അർജന്റീന ടീമിനൊപ്പം ഇനിയും താൻ കളിക്കുമെന്ന് ലയണൽ മെസി പറഞ്ഞെങ്കിലും 2026ൽ നടക്കുന്ന അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്നാണ് താരം പറഞ്ഞത്. അത്രയും കാലം ശാരീരികപരമായി മികച്ച ഫോമിൽ തുടരാൻ കഴിയുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നതു കൊണ്ടാണ് മെസി അടുത്ത ലോകകപ്പ് കളിക്കില്ലെന്നു പറയുന്നത്. ആരാധകർക്ക് വളരെയധികം നിരാശയുണ്ടാക്കിയ വെളിപ്പെടുത്തലായിരുന്നു അത്.

എന്നാൽ ഇന്റർ മിയാമിയിലേക്ക് ചേക്കേറി തകർപ്പൻ ഫോമിൽ കളിക്കുന്ന ലയണൽ മെസി കുറച്ചു ദിവസം മുൻപ് പറഞ്ഞ വാക്കുകൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. തനിക്ക് ആസ്വദിക്കാൻ കഴിയുന്ന കാലത്തോളം കളിക്കളത്തിൽ തന്നെ തുടരുമെന്നും ഫുട്ബോൾ ആസ്വദിക്കുമെന്നുമാണ് മെസി പറഞ്ഞത്. ഇത് മെസി അടുത്ത ലോകകപ്പിലും ഉണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ലയണൽ മെസി അടുത്ത ലോകകപ്പിൽ ഉണ്ടാകില്ലെന്നാണ് താരത്തിന്റെ മുൻസഹതാരം കാർലോസ് ടെവസ് പറയുന്നത്.

“മെസി അടുത്ത ലോകകപ്പ് കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മെസിയുടെ പ്രായം കാരണം, ലോകകപ്പ് വരുമ്പോൾ, താൻ പഴയതിനു സമാനനല്ലെന്ന് അദ്ദേഹം മനസ്സിലാക്കാൻ പോകുന്നു. താൻ ലോകകപ്പിൽ കളിക്കണമെങ്കിൽ 20 വയസ്സുള്ളപ്പോൾ എങ്ങനെയായിരുന്നോ. അതു തന്നെ അവർ ആവശ്യപ്പെടുമെന്ന് അവൻ തിരിച്ചറിയാൻ പോകുന്നു. ഇക്കാരണങ്ങളാൽ, മെസി അടുത്ത ലോകകപ്പിൽ കളിക്കാൻ പോകുന്നില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.” കാർലോസ് ടെവസ് പറഞ്ഞു.

2026 ലോകകപ്പ് അമേരിക്കയിൽ വെച്ചാണ് നടക്കുന്നത്. നിലവിൽ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിൽ കളിക്കുന്ന ലയണൽ മെസി അടുത്ത ലോകകപ്പിൽ കളിക്കുമെന്ന പ്രതീക്ഷ അതുകൊണ്ടു തന്നെ ആരാധകർക്കുണ്ട്. എന്തായാലും അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റിൽ മെസി കളിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനു ശേഷം തന്റെ പ്രകടനമികവിനെ അടിസ്ഥാനമാക്കിയാകും അടുത്ത ലോകകപ്പിൽ കാലിക്കണോയെന്ന കാര്യത്തിൽ മെസി തീരുമാനമെടുക്കുക.

Tevez Says Messi Wont Play Next World Cup