കേനിന്റെ അഭാവത്തിലും റിച്ചാർലിസൺ കട്ടശോകം, ടോട്ടനത്തിൽ നിറഞ്ഞാടി ഹ്യുങ് മിൻ സോൺ | Tottenham

ബ്രസീലിയൻ ടീമിലെ പ്രധാന സ്‌ട്രൈക്കറും കഴിഞ്ഞ ലോകകപ്പിലെ ബെസ്റ്റ് ഗോളിന്റെ ഉടമയുമാണെങ്കിലും ടോട്ടനത്തിൽ റിച്ചാർലിസണിന്റെ പ്രകടനം മോശമാണെന്ന് പറയാതെ വയ്യ. കഴിഞ്ഞ സീസണിൽ പന്ത്രണ്ടു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയതുൾപ്പെടെ ഇരുപത്തിയേഴു പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച ബ്രസീലിയൻ താരം ഒരൊറ്റ ഗോൾ മാത്രമാണ് നേടിയത്. ബ്രസീലിന്റെ പ്രധാന സ്‌ട്രൈക്കർ എന്ന നിലയിൽ കളിക്കുന്ന താരത്തിന്റെ ഈ പ്രകടനം ഒരുപാട് ട്രോളുകൾക്ക് വഴിയൊരുക്കിയിരുന്നു.

കഴിഞ്ഞ സീസണിൽ ഹാരി കേനായിരുന്നു ടോട്ടനത്തിന്റെ പ്രധാന സ്‌ട്രൈക്കർ. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഹാരി കേൻ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയതോടെ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായി ബ്രസീലിയൻ താരം മാറുമെന്നും മികച്ച പ്രകടനം നടത്തുമെന്നും ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിലെ മോശം ഫോം ഈ സീസണിലും തുടരുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന റിച്ചാർലിസൺ കഴിഞ്ഞ നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടിയിട്ടില്ല.

ടോട്ടനം ഹോസ്‌പർ മികച്ച ഫോമിൽ കളിക്കുമ്പോഴാണ് ഗോളുകൾ നേടാൻ റിച്ചാർലിസൺ പതറുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. ബ്രെന്റഫോഡിനെതിരെ നടന്ന ആദ്യത്തെ മത്സരത്തിൽ സമനില വഴങ്ങിയ ടോട്ടനം പിന്നീടുള്ള എല്ലാ മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഈ നാല് മത്സരങ്ങളിൽ നിന്നും ടോട്ടനം അടിച്ചു കൂട്ടിയത് പതിനൊന്നു ഗോളുകളാണ്. എന്നാൽ ഈ മത്സരങ്ങളിൽ ഒന്നിൽ പോലും ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ ബ്രസീലിന്റെ പ്രധാന സ്‌ട്രൈക്കർക്ക് കഴിഞ്ഞിട്ടില്ല.

അതേസമയം കഴിഞ്ഞ മത്സരത്തിൽ റിച്ചാർലിസണിനു പകരം ടോട്ടനം പരിശീലകൻ പോസ്റതെകൊഗ്‌ലു പ്രധാന സ്‌ട്രൈക്കറായി ഇറക്കിയ ഹ്യുങ് മിൻ സോൺ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. മൂന്നു ഗോളുകളാണ് താരം നേടിയത്. അതുകൊണ്ടു തന്നെ വരുന്ന മത്സരങ്ങളിലും താരത്തെ പ്രധാന സ്‌ട്രൈക്കറായി ഇറക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഇത് ഈ സീസണിലും റിച്ചാർലിസൺ പകരക്കാരുടെ ബെഞ്ചിലേക്ക് ഒതുങ്ങാൻ കാരണമാവുകയും ചെയ്യും.

Heung Min Son Hattrick For Tottenham