മറ്റൊരു മത്സരത്തിൽ മറ്റൊരു ഗോൾ, ഇന്റർ മിയാമിയിൽ മെസിയുടെ വേട്ട തുടരുന്നു | Messi

ഇന്റർ മിയാമിയിൽ മെസിയുടെ ഗോൾവേട്ട തുടരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഇന്റർ മിയാമിക്ക് വേണ്ടി ഗോൾ നേടിയ താരം എഫ്‌സി ഡള്ളാസിനെതിരെ നടക്കുന്ന ലീഗ് കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിലും അതാവർത്തിച്ചു. ഇതോടെ ഇന്റർ മിയാമിക്കായി കളിച്ച നാല് മത്സരങ്ങളിൽ നിന്നും ആറു ഗോളുകളാണ് ലയണൽ മെസി സ്വന്തമാക്കിയിരിക്കുന്നത്.

മത്സരത്തിൽ ഇന്റർ മിയാമിയെ ആറാം മിനുട്ടിൽ തന്നെ ലയണൽ മെസി മുന്നിലെത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിക്കായി അരങ്ങേറ്റം നടത്തിയ മുൻ ബാഴ്‌സലോണ താരം ജോർദി ആൽബയാണ് മെസിയുടെ ഗോളിന് വഴിയൊരുക്കിയത്. ജോർദി ആൽബ വിങ്ങിൽ നിന്നും നൽകിയ പാസ് ബോക്‌സിനു പുറത്തു നിന്നും മനോഹരമായൊരു ഷോട്ടിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു.

അതേസമയം ലയണൽ മെസിയുടെ ഗോളിലും ഇന്റർ മിയാമിക്ക് മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞില്ല. തുടർച്ചയായ മുന്നേറ്റങ്ങളുടെ എഫ്‌സി ഡള്ളാസ് ഇന്റർ മിയാമിയെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഇതിന്റെ ഫലമായി ഫാകുണ്ടോ ക്വിഗ്നോൻ എഫ്‌സി ഡള്ളാസിനായി സമനില ഗോൾ നേടിയെടുത്തു. അതിനു പിന്നാലെ നാല്പത്തിയഞ്ചാം മിനുട്ടിൽ ബെർണാഡ് കാമുങ്ങോയും ഇന്റർ മിയാമിക്കായി ഗോൾ കണ്ടെത്തി.

ഇന്റർ മിയാമിക്കും അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും കൃത്യമായി മുതലെടുക്കാൻ കഴിഞ്ഞില്ല. അതേസമയം പ്രത്യാക്രമണങ്ങളിൽ എഫ്‌സി ഡള്ളാസ് വലിയ ഭീഷണിയാണ് സൃഷ്‌ടിച്ചത്. നിലവിൽ ആദ്യപകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്റർ മിയാമി പിന്നിൽ നിൽക്കെയാണ്. രണ്ടാം പകുതിയിൽ ടീം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Messi Goal Against FC Dallas In League Cup