മെസിയുടെ ‘ഔട്ട്സൈഡ് ഓഫ് ദി ഫൂട്ട്’ ഗോൾ ചാമ്പ്യൻസ് ലീഗിലെ ഈയാഴ്ചയിലെ ഏറ്റവും മികച്ച ഗോൾ
ഈയാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തിയത്. ഇസ്രായേലി ക്ലബായ മക്കാബി ഹൈഫയെ സ്വന്തം മൈതാനത്ത് രണ്ടിനെതിരെ ഏഴു ഗോളുകൾക്ക് പിഎസ്ജി തകർത്തപ്പോൾ അതിൽ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും മെസി സ്വന്തമാക്കുകയുണ്ടായി. തന്റെ പ്രകടനം കൊണ്ട് ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ ഒന്നിലധികം ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന പ്രായം കൂടിയ താരം, ഏറ്റവുമധികം ഗോളുകൾ ബോക്സിനു പുറത്തു നിന്നും നേടിയ താരം തുടങ്ങിയ റെക്കോർഡുകൾ മെസി സ്വന്തം പേരിലാക്കിയിരുന്നു.
മത്സരത്തിലെ മികച്ച പ്രകടനത്തിനു പുറമെ ഇപ്പോൾ മറ്റൊരു നേട്ടം മെസിയെ തേടി എത്തിയിരിക്കുകയാണ്. മത്സരത്തിൽ മെസി നേടിയ ആദ്യത്തെ ഗോൾ ചാമ്പ്യൻസ് ലീഗിൽ ഈയാഴ്ചയിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മത്സരത്തിന്റെ പത്തൊൻപതാം മിനുട്ടിൽ എംബാപ്പയുടെ പാസിൽ നിന്നും മെസി ഔട്ട്സൈഡ് ഓഫ് ദി ഫൂട്ട് കൊണ്ട് നേടിയ ട്രിവേല കിക്ക് ഗോളാണ് പുരസ്കാരത്തിന് അർഹമായത്.
മത്സരത്തിനു ശേഷം മെസിയുടെ ഗോൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പൊതുവെ ഇത്തരത്തിലുള്ള ഗോൾ ശ്രമങ്ങൾ നടത്താത്ത താരമാണ് ലയണൽ മെസി. എന്നാൽ മക്കാബി ഹൈഫക്കെതിരെ പന്തൊന്ന് ഒതുക്കിയതിനു ശേഷം ഒരു നിമിഷത്തെ ചിന്തയിൽഅതു നേരെ വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു താരം. ഇതിനു പുറമെ താരം നേടിയ രണ്ടാമത്തെ ഗോളും മനോഹരമായിരുന്നു. അർഹിച്ച പുരസ്കാരം തന്നെയാണ് ലയണൽ മെസി നേടിയ ഗോളിന് ലഭിച്ചത്.
Lionel Messi’s goal for PSG vs. Maccabi Haifa has been named as the Champions League Goal of the Week! pic.twitter.com/zlOxw7W9q4
— Roy Nemer (@RoyNemer) October 27, 2022
ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന മെസിയുടെ മറ്റൊരു മാസ്റ്റർ ക്ലാസ് പ്രകടനമാണ് മക്കാബി ഹൈഫക്കെതിരെ കണ്ടത്. ഈ മത്സരത്തിൽ പിഎസ്ജിയുടെ മുന്നേറ്റനിര താരങ്ങളെല്ലാം ഗോൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ സീസണിൽ പതറിയെങ്കിലും ഈ സീസണിൽ പിഎസ്ജി മുന്നേറ്റനിര മികച്ച പ്രകടനം നടത്തുന്നത് ക്ലബിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങളെ വർധിപ്പിച്ചിട്ടുണ്ട്. മെസിയുടെ ഫോം അർജന്റീന ആരാധകർക്കും ആവേശമാണ്.