പുതിയ തട്ടകത്തിൽ മെസിയുടെ അരങ്ങേറ്റം നാളെ, മത്സരസമയവും ടെലികാസ്റ്റ് വിവരങ്ങളും അറിയാം | Messi

ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചാണ് ലയണൽ മെസി യൂറോപ്പ് വിട്ട് അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയാണെന്ന തീരുമാനം പ്രഖ്യാപിച്ചത്. പിഎസ്‌ജി കരാർ അവസാനിച്ച താരം ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് ആഗ്രഹിച്ചതെങ്കിലും അതിൽ തീരുമാനമാകാൻ വൈകുമെന്ന് മനസിലാക്കി ഇന്റർ മിയാമിയിലേക്ക് പോവുകയായിരുന്നു. താരത്തെ ഇന്റർ മിയാമി ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്‌തു.

പ്രൊഫെഷണൽ ഫുട്ബോളർ എന്ന നിലയിൽ ക്ലബ് തലത്തിൽ ഇതുവരെ യൂറോപ്പിന് പുറത്ത് കളിച്ചിട്ടില്ലാത്ത ലയണൽ മെസി അമേരിക്കൻ ലീഗിൽ അരങ്ങേറ്റം നടത്തുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്. താരത്തിന്റെ അരങ്ങേറ്റം ലീഗ് കപ്പിൽ നടക്കുന്ന മത്സരത്തിലൂടെയാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ക്രൂസ് അസൂലാണ് മെസിയുടെ ക്ലബായ ഇന്റർ മിയാമിയുടെ എതിരാളികളായി കളത്തിലിറങ്ങുന്നത്.

അമേരിക്കയിൽ ജൂലൈ 21നു രാത്രിയാണ് മത്സരം നടക്കുകയെങ്കിലും ഇന്ത്യയിൽ ജൂലൈ ഇരുപത്തിരണ്ടിനു പുലർച്ചെയാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ജൂലൈ 22നു രാവിലെ അഞ്ചരക്കാണ് ലയണൽ മെസി അമേരിക്കൻ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേസമയം ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ലാത്ത മത്സരം കാണാൻ ആപ്പിൾ ടിവി പ്ലസിൽ എംഎൽഎസ് പാസ് വേണമെന്ന വഴി മാത്രമേയുള്ളൂ എന്നതിനാൽ ആരാധകർക്ക് മത്സരം കാണാൻ മറ്റു വഴികൾ തന്നെ നോക്കേണ്ടി വരുമെന്നുറപ്പാണ്.

ലയണൽ മെസിക്കൊപ്പം രണ്ടു മുൻ സഹതാരങ്ങൾ കൂടി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിട്ടുണ്ട്. മുൻ ബാഴ്‌സലോണ താരമായ സെർജിയോ ബുസ്‌ക്വറ്റ്‌സിന്റെ സൈനിങ്‌ നേരത്തെ തന്നെ പ്രഖ്യാപിച്ച ഇന്റർ മിയാമി കഴിഞ്ഞ ദിവസം ബാഴ്‌സലോണ മുൻതാരം ജോർദി ആൽബയുടെ സൈനിങ്ങും നടത്തിയിട്ടുണ്ട്. ആൽബ നാളെ നടക്കുന്ന മത്സരത്തിനുണ്ടാകാൻ സാധ്യതയില്ലെങ്കിലും ബുസ്‌ക്വറ്റ്സ് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Messi Inter Miami Debut Indian Time Telecast