നെയ്‌മർക്ക് മെസിയോടുള്ള ഇഷ്‌ടം എത്രയാണെന്ന് ഈ വീഡിയോ വ്യക്തമാക്കും, തന്റെ മകനു മെസിയെന്നു പേരിടുമെന്ന് ബ്രസീലിയൻ താരം | Neymar

ലയണൽ മെസിയും നെയ്‌മറും വളരെ ദൃഢമായ ബന്ധമാണുള്ളതെന്ന് ഏവർക്കും അറിയുന്ന കാര്യമാണ്. സാന്റോസിൽ നിന്നും നെയ്‌മർ ബാഴ്‌സലോണയിൽ എത്തിയതിനു ശേഷമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. ലയണൽ മെസി, സുവാരസ്, നെയ്‌മർ എന്നിവർ ചേർന്ന് ലോകഫുട്ബോളിലെ തന്നെ ഏറ്റവും അപകടകാരിയായ ഒരു മുന്നേറ്റനിരയും ബാഴ്‌സലോണയിൽ സൃഷ്‌ടിച്ചു. ഈ മൂന്നു താരങ്ങൾക്കിടയിലുള്ള ഒത്തിണക്കം വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

നെയ്‌മർ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയിട്ടും ഈ സൗഹൃദം അതുപോലെ തന്നെ തുടർന്നു. തങ്ങൾ മൂന്നുപേരും മാത്രമുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാ കാര്യങ്ങളും പങ്കു വെക്കാറുണ്ടെന്ന് ഈ താരങ്ങൾ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അതിനു പുറമെ ബാഴ്‌സലോണ വിട്ട ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു പിന്നിലുള്ള പ്രധാന കാരണം നെയ്‌മർ അവിടെയുണ്ട് എന്നതായിരുന്നു. രണ്ടു വർഷം ഈ താരങ്ങൾ വീണ്ടും ഒരുമിച്ചു കളിച്ചു.

ലയണൽ മെസിയോടുള്ള തന്റെ സൗഹൃദം എത്രത്തോളം ദൃഢമാണെന്ന് നെയ്‌മർ കഴിഞ്ഞ ദിവസം വീണ്ടും തെളിയിച്ചോരു സംഭവമുണ്ടായി. കാസ ടിവി കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തിൽ നെയ്‌മറോട് താങ്കൾക്ക് ജനിക്കാൻ പോകുന്ന കുട്ടി ആണാണെങ്കിൽ എന്താണ് പേരിടുകയെന്നു അവതാരകൻ ചോദിക്കുമ്പോൾ യാതൊരു സംശയവും കൂടാതെ താരം നൽകുന്ന മറുപടി ‘മെസി’ എന്നാണ്. മെസിയുമായുള്ള ആത്മബന്ധം നെയ്‌മർ തെളിയിച്ച മറ്റൊരു നിമിഷമായിരുന്നു ഇത്.

നെയ്‌മറും മെസിയും എത്രത്തോളം അടുപ്പമുണ്ടെന്ന് തെളിയിച്ച മറ്റൊരു നിമിഷം 2021ൽ നടന്ന കോപ്പ അമേരിക്ക ഫൈനൽ ആയിരുന്നു. ബ്രസീലിനെ കീഴടക്കി അർജന്റീന കിരീടം സ്വന്തമാക്കിയ ആ മത്സരത്തിന് ശേഷം നെയ്‌മർ വളരെ ആത്മാർത്ഥതയോടു കൂടിയാണ് മെസിയെ അഭിനന്ദിച്ചതും താരത്തിനൊപ്പം ഒരുപാട് നേരം വളരെ സന്തോഷത്തോടെ പങ്കു വെച്ചതും. ദേശീയ ടീമെന്ന നിലയിൽ എതിർചേരിയിലാണെങ്കിലും വളരെയധികം അടുപ്പമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്.

Neymar Says He Will Name His Child Messi