അവസാനസ്ഥാനത്തു കിടക്കുന്ന ഇന്റർ മിയാമിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുത്ത ലയണൽ മെസി മാജിക്ക് | Messi

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറുമ്പോൾ ടീമിന്റെ അപ്പോഴത്തെ സാഹചര്യം ആരാധകരിൽ പലരും ചർച്ച ചെയ്‌തിരുന്നു. തുടർച്ചയായ തോൽവികളുമായി അമേരിക്കൻ ലീഗിൽ അവസാന സ്ഥാനത്താണ് ഇന്റർ മിയാമി നിന്നിരുന്നത്. പ്ലേ ഓഫിലേക്ക് കടക്കാൻ ആദ്യത്തെ ഏഴു സ്ഥാനമെങ്കിലും വേണമെന്നിരിക്കെ ലയണൽ മെസിക്കും ഇന്റർ മിയാമിക്കും അടുത്ത സീസണിൽ കോൺകാഫ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത കുറവാണെന്ന് പലരും വിലയിരുത്തി.

എന്നാൽ അതിനു ശേഷം ലയണൽ മെസി കാണിച്ചത് അത്ഭുതം തന്നെയായിരുന്നു. ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ലയണൽ മെസി കളിച്ച മത്സരങ്ങളെല്ലാം ലീഗ്‌സ് കപ്പ് ടൂർണമെന്റിൽ ആയിരുന്നു. ഇന്ന് ഫിലാഡൽഫിയ യൂണിയനെതിരെ നടന്ന മത്സരത്തോടെ തുടർച്ചയായ ആറു വിജയങ്ങൾ ലീഗ്‌സ് കപ്പിൽ സ്വന്തമാക്കിയ ടീം ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. ഇതോടെ കോൺകാഫ് ചാമ്പ്യൻസ് ലീഗിന് ഇന്റർ മിയാമി യോഗ്യത നേടുകയും ചെയ്‌തു.

എംഎൽഎസിൽ നിന്നും മെക്‌സിക്കൻ ലീഗിൽ നിന്നുമുള്ള ക്ലബുകളാണ് ലീഗ്‌സ് കപ്പിൽ മത്സരിക്കുക. ഈ ടൂർണമെന്റിൽ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് കോൺകാഫ് ചാമ്പ്യൻസ് ലീഗിന് നേരിട്ട് യോഗ്യത നേടാൻ കഴിയും. ഇന്റർ മിയാമി ഫൈനലിൽ എത്തി, ആദ്യത്തെ രണ്ടു ടീമുകളിൽ ഒന്നായി മാറിയതോടെയാണ് അവർക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചത്. ഇനി ഫൈനലിൽ വിജയിക്കാൻ കഴിഞ്ഞാൽ കോൺകാഫ് ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലേക്കാണ് നേരിട്ട് പ്രവേശനം ലഭിക്കുക.

ആറു മത്സരങ്ങളിൽ നിന്നും ഒൻപത് ഗോളുകളും ഒരു അസിസ്റ്റുമായി മിന്നുന്ന പ്രകടനം നടത്തിയ ലയണൽ മെസിയുടെ സാന്നിധ്യം തന്നെയാണ് ഇന്റർ മിയാമിയെ ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്. ഇനി ഇന്റർ മിയാമിയെ ആദ്യത്തെ കിരീടത്തിലേക്ക് നയിക്കുകയെന്നതാവും മെസിയുടെ പ്രധാനപ്പെട്ട ലക്‌ഷ്യം. ഫൈനലിൽ അമേരിക്കൻ ലീഗിലെ തന്നെ ക്ലബായ നാഷ്‌വില്ലെയാണ് ഇന്റർ മിയാമിയുടെ എതിരാളികൾ. ഈസ്റ്റേൺ കോൺഫറൻസിൽ ഫിലാഡൽഫിയ യൂണിയനു തൊട്ടു പിന്നിൽ നിൽക്കുന്ന ക്ലബാണ് നാഷ്‌വില്ലെ.

Messi Leads Inter Miami To CONCACAF Champions League