റൊണാൾഡോയെ രണ്ടാമനാക്കി നെയ്‌മറുടെ രാജകീയ വരവ്, ബ്രസീലിയൻ താരത്തിന്റെ പ്രതിഫലക്കണക്കുകൾ പുറത്ത് | Neymar

ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് ബ്രസീലിയൻ താരമായ നെയ്‌മറെ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ സ്വന്തമാക്കി. മുപ്പത്തിയൊന്നുകാരനായ താരം പിഎസ്‌ജി വിട്ട് യൂറോപ്പിലെ ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സൗദിയിലേക്കുള്ള ട്രാൻസ്‌ഫറാണ് നെയ്‌മർ തിരഞ്ഞെടുത്തത്. രണ്ടു വർഷത്തെ കരാറാണ് നെയ്‌മർ സൗദിയിലെ പ്രധാന ക്ലബുകളിലൊന്നായ അൽ ഹിലാലുമായി ഒപ്പിട്ടിരിക്കുന്നത്.

അതേസമയം നെയ്‌മറുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഫാബ്രിസിയോ റൊമാനോ പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ നെയ്‌മർക്ക് റൊണാൾഡോ, ബെൻസിമ എന്നിവരേക്കാൾ കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുകയെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും റൊമാനോ പറയുന്നത് പ്രകാരം താരത്തിന്റെ പാക്കേജ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്നതാണ്. മുന്നൂറു മില്യൻ ഡോളറാണ് ഫിക്‌സഡ് സാലറി പാക്കേജെങ്കിലും അത് ആഡ് ഓണുകൾ ഉൾപ്പെടുമ്പോൾ നാനൂറു മില്യണിലധികം ഉയരുമെന്ന് അദ്ദേഹം പറയുന്നു.

ഇതിനു പുറമെ നെയ്‌മർക്ക് മറ്റു പല സൗകര്യങ്ങളും സൗദി ക്ലബ് ഓഫർ ചെയ്‌തിട്ടുണ്ട്‌. റിപ്പോർട്ടുകൾ പ്രകാരം താരത്തിന് സ്വന്തമായി ഒരു പ്രൈവറ്റ് ജെറ്റ് സൗകര്യം സൗദി അറേബ്യ ഒരുക്കിക്കൊടുക്കും. അതിനു പുറമെ സ്റ്റാഫുകൾ അടക്കമുള്ള ഒരു ആഡംബരവസതിയും നെയ്‌മർക്ക് ലഭിക്കും. ഇതിനു പുറമെ അൽ ഹിലാൽ ഓരോ മത്സരം വിജയിക്കുമ്പോഴും എൺപതിനായിരം ഡോളർ പ്രതിഫലം അധികം നൽകും. സൗദി അറേബ്യയെ സോഷ്യൽ മീഡിയയിൽ ഓരോ തവണ പ്രമോട്ട് ചെയ്യുന്നതിനും അഞ്ചു ലക്ഷം വീതവും നൽകും.

ലോകത്തിലെ ഏറ്റവും പ്രതിഭയുള്ള ഫുട്ബോൾ താരങ്ങളിൽ ഒരാളായ നെയ്‌മർ തന്റെ മുപ്പത്തിയൊന്നാം വയസിൽ തന്നെ സൗദി അറേബ്യയിലേക്ക് ചേക്കേറിയതിൽ ആരാധകർക്ക് ചെറിയ അതൃപ്‌തിയുണ്ട്. എന്നാൽ തന്റെ കുടുംബത്തെ ആലോചിച്ചാണ് താരം ഇത്തരമൊരു തീരുമാനം എടുത്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്തായാലും നെയ്‌മറുടെ കൂടി വരവോടെ സൗദി ലീഗ് ലോകഫുട്ബോളിൽ വളരെയധികം ഉയർന്നിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

Neymar To Al Hilal Background Story